ന്യൂഡൽഹി: കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടാൻ തയ്യാറായതെന്ന് മകനും, മുൻ മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാജെദ് ജോയ്. ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശിൽ തന്നെ തുടരാനായിരുന്നു താത്പര്യമെന്നും രാജ്യം വിട്ടുപോരാൻ അവർ ഒരു ഘട്ടത്തിൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നും സജീബ് പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജീവ് ഇക്കാര്യം വ്യക്തമാക്കിയത്.
” ബംഗ്ലാദേശിൽ ഇനിയും തുടരുന്നത് സുരക്ഷിതമല്ലെന്ന് ഞങ്ങളെല്ലാവരും ആവർത്തിച്ചിരുന്നു. പക്ഷേ അമ്മയ്‌ക്ക് രാജ്യം വിട്ടുപോരുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. അമ്മയുടെ സുരക്ഷയെ കരുതി തന്നെയാണ് ബംഗ്ലാദേശ് വിട്ടുപോരാൻ നിർബന്ധിച്ചത്. നിങ്ങളെല്ലാവരും കാണുന്നത് പോലെ ബംഗ്ലാദേശിലെ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്.
അമ്മയ്‌ക്കും വളരെ അധികം നിരാശയുണ്ട്. കാരണം വികസിത രാജ്യമാക്കി ബംഗ്ലാദേശിനെ മാറ്റുക എന്നതായിരുന്നു അമ്മയുടെ സ്വപ്നം. കഴിഞ്ഞ 15 വർഷമായി അവർ അതിന് വേണ്ടി കഠിനാധ്വാനം ചെയ്തു. തീവ്രവാദികളിൽ നിന്നും തീവ്രവാദത്തിൽ നിന്നും രാജ്യത്തെ സുരക്ഷിതമായി നിർത്തി. എന്നാൽ ഇതെല്ലാം ചെയ്തിട്ടും പ്രാദേശിക ന്യൂനപക്ഷവും പ്രതിപക്ഷവും തീവ്രവാദികളുമെല്ലാം ഒന്നു ചേർന്ന് അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഞങ്ങളുടെ പാർട്ടി നേതാക്കളെയായിരിക്കും പ്രതിപക്ഷം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് എത്രത്തോളം നീതിപൂർവ്വമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല.
ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങൾ ഇനിയത് നോക്കേണ്ട കാര്യമില്ല. ബംഗ്ലാദേശിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ തെളിയിച്ചത്. ബംഗ്ലാദേശിലെ ജനങ്ങൾ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഈ ന്യൂനപക്ഷം അധികാരം പിടിച്ചെടുത്താൽ ജനങ്ങൾ ബുദ്ധിമുട്ടിലേക്കായിരിക്കും പോകുന്നത്. അവാമി ലീഗ് ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയാണ്. ബിഎൻപി അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. മുൻകാലങ്ങളിൽ അവർ എങ്ങനെ ആയിരുന്നുവെന്നത് എല്ലാവരും കണ്ടതാണ്. രാജ്യത്തെ ഇല്ലാതാക്കിയവരാണ് അവർ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ എതിർത്ത അതേ ന്യൂനപക്ഷങ്ങൾ തന്നെയാണ് ഇപ്പോൾ വീണ്ടും അവസരം മുതലെടുക്കുന്നതെന്നും” സജീദ് ആരോപിച്ചു.