ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തെത്തിയ ഹനിയയെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി ആരോപിച്ചു. ഇസ്രായേലിന് ശിക്ഷ വിധിക്കുമെന്നും, അതിന് തങ്ങൾക്ക് അധികാരമുണ്ടെന്നും കനാനി അവകാശപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ചേരുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിലും ഈ വിഷയം ഉയർത്തിക്കാട്ടുമെന്നും കനാനി പറഞ്ഞു. ഇറാൻ തിരിച്ചടിക്കുന്നതോടെ ഇസ്രായേൽ അവരുടെ തെറ്റ് മനസിലാക്കുമെന്ന് ഐആർജിസി ചീഫ് ഹുസൈൻ സലാമിയും പറഞ്ഞു. അതേസമയം മേഖലയിൽ സംഘർഷ സാധ്യത ലഘൂകരിക്കാനുള്ള ശ്രമങ്ങൾ വിവിധ അറബ് രാജ്യങ്ങളുടേയും അമേരിക്കയുടേയും നേതൃത്വത്തിൽ നടക്കുന്നുണ്ട്. എന്നാൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്നും, ഇസ്രായേലിനെതിരെ പോരാട്ടം നടത്തുമെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്.
യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നും, ഇതിന് തുടർച്ചയായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇറാൻ പറയുന്നു. സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ലെബനൻ വിടണമെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് പുറമെ യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം തങ്ങൾക്കെതിരായ ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. തിന്മയുടെ മുഖങ്ങൾക്കെതിരെ ഇസ്രായേൽ പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു.