വിയന്ന: ഓസ്ട്രിയയിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേർ പിടിയിൽ. ഭീകരവാദ സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സംഗീത പരിപാടിക്കിടെ ഭീകരാക്രമണം നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്.
ഓസ്ട്രിയ പൗരനായ 19കാരനാണ് പ്രതികളിലൊരാൾ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. 19കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളും മറ്റും പൊലീസ് കണ്ടെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിയന്നയിലെ ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നടക്കാനിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയ്‌ക്കിടെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയത്. ഇതോടെ പരിപാടികൾ റദ്ദാക്കിയതായും വിയന്നയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.