മണിക്കൂറുകൾക്കുള്ളിലാണ് ഒരു ഗ്രാമം തന്നെ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത്. നേരം ഇരുട്ടി വെളുത്തപ്പോൾ വീടുകളുണ്ടായിരുന്നിടത്ത് കുത്തിയൊലിച്ചെത്തിയ മലവെള്ളം മാത്രമായി ബാക്കി. അവിടെ ഉണ്ടായിരുന്ന ജനങ്ങളെ കാണാനില്ല, അവരിലാരൊക്കെയോ ജീവനറ്റ് വെള്ളത്തിലൂടെ ഒഴുകി വരുന്നു, ചിലത് ചെളിയിൽ പുതഞ്ഞ് കിടക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു ഉരുളിനെ നേരിട്ട, പ്രകൃതിയുടെ സംഹാര താണ്ഡവം നേരിൽ കണ്ടവരെല്ലാം. എന്നാൽ അവിടെ താങ്ങായി ഒരു വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു- വിജയകുമാരി എൻ.എസ്. മുപ്പൈനാട് പഞ്ചായത്തിലെ അങ്കണവാടി ടീച്ചർ ഞൊടിയിടയിൽ രക്ഷാപ്രവർത്തകയുടെ കുപ്പായമണിഞ്ഞു. വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആദ്യ വനിതയാണ് വിജയകുമാരി. തിരച്ചിലിൽ അഗ്നിരക്ഷാസേന അടക്കമുള്ളവരുടെ ഭാഗമായി പ്രവർത്തിക്കുകയുൂം ചെയ്തു അവർ.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതായി അറിയിച്ച് വിജയകുമാരിക്ക് ഫോൺ കോൾ വരുന്നത്. പിന്നാലെ മഴയെ അവഗണിച്ച് സ്കൂട്ടറിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ചൂരൽമലയിലെത്തിയ വിജയകുമാരി കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പിന്നാലെ ഔദ്യോഗിക രക്ഷാദൗത്യസംഘത്തിന്റെ ഭാഗമായി ദിവസം മുഴുവനും തിരച്ചിലിലും മറ്റ് സേനകളുടെ സഹായിയായും വിജയകുമാരി പ്രവർത്തിച്ചു. അന്ന് രാത്രി എട്ട് മണി വരെ ഏകദേശം 17 മൃതദേഹങ്ങൾ പുറത്തെടുക്കാനാണ് വിജയകുമാരി സഹായിച്ചത്.
കാക്കിയണിയാനുള്ള മോഹം കുഞ്ഞു വിജയകുമാരിയുടെ ഹൃദയത്തിൽ കാലങ്ങളായുണ്ടായിരുന്നു. എന്നാൽ കിട്ടിയ സെലക്ഷൻ ഉത്തരവ് വലിച്ച് കീറിയെറിഞ്ഞ അച്ഛൻ വർഷങ്ങളായുള്ള സ്വപ്നങ്ങൾക്കാണ് മുറിവേൽപ്പിച്ചത്. 37 വർഷങ്ങൾക്ക് ശേഷമാണ് വിജയകുമാരി രക്ഷാപ്രവർത്തകയുടെ വേഷമണിഞ്ഞ് ദുരന്തമുഖത്ത് നിറസാന്നിധ്യമായത്. പൊലീസ് ഓഫീസറാകാനുള്ള പരിശീലനം രക്ഷാപ്രവർത്തനത്തിൽ തുണയായെന്ന് വിജയകുമാരി പറയുന്നു.
ഭയനാകമായ സാഹചര്യത്തിലും സ്ത്രീയെന്ന പേരിൽ മാറി നിൽക്കരുതെന്ന് തോന്നിയെന്നും തുടർന്നാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതെന്നും വിജയകുമാരി പറയുന്നു. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ നിലമ്പൂരിൽ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും സൂക്ഷിച്ചിരുന്ന മേപ്പാടി ജിഎച്ച്എസ്എസിൽ സ്ഥാപിച്ച താത്കാലിക മോർച്ചറിയിലും വിജയകുമാരി സേവനമനുഷ്ഠിച്ചു. സ്ത്രീയാണെന്ന പേരിൽ അരക്ഷിതാവസ്ഥ തോന്നിയില്ലെന്നും വളരെക്കാലമായി സാമൂഹിക സേവനത്തിൽ സജീവമാണെന്നും വിജയകുമാരി പറഞ്ഞു.















