ശരീരത്തിന്റെ ആരോഗ്യത്തിനും നിലനിൽപ്പിനും ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിനുകൾ അഥവാ ജീവകങ്ങൾ. ആവശ്യത്തിലേറെ വിറ്റാമിനുകൾ ശരീരത്തിലെത്തിയാൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ വിറ്റാമിനുകളുടെ അളവ് കുറഞ്ഞാലും ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.
അത്തരത്തിലൊരു വിറ്റാമിനാണ് ഫോളേറ്റ്. അടുത്തിടെ നടത്തിയ പഠനത്തിൽ ഫോളേറ്റ് കുറയുന്നത് പ്രായമായവരിൽ ഗുണങ്ങൾ ചെയ്യുന്നുവെന്ന് കണ്ടെത്തി. വിറ്റാമിൻ ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇതിന് സാധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
മധ്യവയസിന് തുല്യമായ പ്രായത്തിലുള്ള മൃഗങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. ചില മൃഗങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും മറ്റ് കൂട്ടർക്ക് ഫോളേറ്റ് അടങ്ങിയ ഭക്ഷണം നൽകുകയും ചെയ്തു. ഫോളേറ്റ് നൽകാതിരുന്നവർ കൂടുതൽ ചെറുപ്പമായതായി കണ്ടെത്തി. ഇവർക്ക് ശരീരത്തിന് ആവശ്യമായ ഭാരവും നിലനിർത്താൻ സാധിച്ചു.
വളർച്ചയുടെ കാലഘട്ടത്തിലും പിന്നീട് കുറച്ച് കാലത്തേക്കും ഫോളേറ്റ് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും തുടർന്നുള്ള കാലഘട്ടത്തിൽ ഫോളേറ്റ് ഉപഭോഗം കുറയ്ക്കുന്നത് ദീർഘായുസ് നൽകുമെന്ന് ഗവേഷകർ കണ്ടെത്തി. ടെക്സസ് എ ആൻഡ് എം അഗ്രിലൈഫ് റിസർച്ചിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ഗർഭിണികൾക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും അത്യന്താപേക്ഷിതമായ വെറ്റമിനാണ് ഫോളേറ്റ്. കാരണം വളർച്ചാ പ്രക്രിയയിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. കടുംപച്ച നിറത്തിലുള്ള ഇലക്കറികൾ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ, നാരങ്ങ, തണ്ണിമത്തൻ, പരിപ്പ്, വിത്തുകൾ, മുട്ട, ചീര, പാലു പാലുത്പന്നങ്ങളും കഴിക്കുന്നത് വഴി ഫോളേറ്റ് ശരീരത്തിലെത്തും.















