കൊച്ചി: മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കപ്പെടണമെന്ന് ഹൈക്കോടതി. സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹേമe കമ്മിറ്റി റിപ്പോർട്ട് പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ പൊതുചർച്ച അനിവാര്യമാണ്. അത്തരത്തിലുള്ള ചർച്ചകൾ നടത്തുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. റിപ്പോർട്ട് ഉപയോഗിച്ച് വ്യക്തികൾക്കെതിരെ ചർച്ച നടത്തുമെന്നാണ് ആശങ്ക. എന്നാൽ ഈ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല, ഹർജിക്കാരന് തെറ്റിദ്ധാരണയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പൊതുതാൽപര്യത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് വി.ജി അരുൺ ചൂണ്ടിക്കാട്ടി. അധികാര നടപടികളിൽ ജനങ്ങൾക്ക് പങ്കാളിത്തം നൽകുന്നതാണ് വിവരാവകാശ നിയമം. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്നതിന് ഹേമാ കമ്മീഷന്റെ വിലക്കുണ്ട്. അതുകൊണ്ടുതന്നെ റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരനെ ബാധിക്കില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ ഹൈക്കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
ഹർജിക്കാരനായ സജിമോൻ പാറയിലിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകളെ മറയ്‌ക്കാനാണ് ഹർജിക്കാരന്റെ ശ്രമം. മൗലികാവകാശം ലംഘിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്തുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു. ഹർജിക്കാരനായ സജിമോൻ പാറയിലിന്റെ വാദങ്ങളെല്ലാം തള്ളുന്നതായും ഹൈക്കോടതി അറിയിച്ചു.
ഹേമാ കമ്മിറ്റി പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഏതാനും നാളുകൾക്ക് മുൻപായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ദിവസം അതിന് താത്കാലിക സ്റ്റേ ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. തുടർന്ന് ഹർജിക്കാരന്റെ വാദങ്ങളും സംസ്ഥാന സർക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ഡബ്ല്യൂസിസിയുടേയും അടക്കം നിലപാട് തേടിയ കോടതി ഒടുവിൽ ഹർജി തള്ളുകയായിരുന്നു. ഒരാഴ്ചയ്‌ക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടാമെന്നാണ് നിലവിൽ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.