അഭിനിവേശവും സ്വപ്നങ്ങളുമായി സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന ഒരു സ്ത്രീ ആദ്യമായി കേൾക്കുന്ന വാക്കുകളാകും വിട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറായിരിക്കണമെന്നാണ് ഈ വാക്കുകൾ നൽകുന്ന അർത്ഥമെന്നും റിപ്പോർട്ടിലുണ്ട്. ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി അവർ സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്നും പറഞ്ഞു പരത്തുമെന്നും മൊഴിയിലുണ്ട്.
ഇഴുകി ചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറാകുന്ന നടിമാർ സിനിമയ്‌ക്ക് പുറത്തും അതിന് തയ്യാറാകുമെന്നാണ് ചിലർ കരുതുന്നത്. ചില പുരുഷന്മാർ അവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യം നിറവേറ്റിയാൽ കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഉന്നത നിലയിലെത്താൻ സാധിക്കുമെന്നും വാഗ്ദാനം നൽകുന്നു. പുതുമുഖങ്ങളടക്കം ചിലരെങ്കിലും ഇതിൽ വീണുപോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അവസരങ്ങൾക്കായി സ്ത്രീകൾ കിടക്ക പങ്കിടേണ്ട സാഹചര്യമാണ് മലയാള സിനിമയിലുള്ളത്.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ചയാളിന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നുവെന്നും ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. തലേ ദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നുവെന്നും ഇതിന് പിന്നാലെ സംവിധായകൻ വിമർശിച്ചെന്നും മോശമായി സംസാരിച്ചെന്നും നടി പറഞ്ഞു. ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യവുമുണ്ട്. വേതനം നൽകുന്നില്ലെന്ന പരാതിയുമുണ്ട്. കരാറിൽ പറയുന്നതും യഥാർത്ഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.















