ന്യൂഡൽഹി: വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്‌നം 2047-ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ മേഖലകളിൽ ജപ്പാനുമായുള്ള സഹകരണവും പങ്കാളിത്തവും വികസിത ഭാരതം യാഥാർത്ഥ്യമാക്കുന്നതിൽ സഹായിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മൂന്നാമത് ഇന്ത്യ-ജപ്പാൻ 2+2 മന്ത്രിതല യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” ഇന്ത്യ- ജപ്പാൻ ഉഭയകക്ഷി ബന്ധം ഇന്ന് എല്ലാ മേഖലകളിലേക്കും വളരുകയാണ്. ഇത് ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധം പ്രതിരോധ മേഖലയെ ദൃഢപ്പെടുത്തുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഭാരതം വികസിത രാജ്യമായി മാറിയിരിക്കും”.- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആഭ്യന്തര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. പ്രതിരോധ സാങ്കേതികവിദ്യയിലും വ്യവസായ മേഖലയിലും ജപ്പാനുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ഈ കാഴ്ചപ്പാട് പൂർത്തീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ചേർന്ന യോഗത്തിൽ ജപ്പാന്റെ പ്രതിരോധ മന്ത്രി മിനോരു കിഹാരയും വിദേശകാര്യ മന്ത്രി യോക്കോ കാമികാവയും പങ്കെടുത്തു. രാജ്നാഥ് സിംഗിന് പുറമെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധം വളരെ ഉയർന്ന തലത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2019ൽ ഇന്ത്യയിൽ വച്ചും 2022 ടോക്കിയോയിൽ വച്ചുമായിരുന്നു 2+2 മന്ത്രിതല യോഗം ചേർന്നത്.















