മുംബൈ: ബദ്‌ലാപൂർ കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്വൽ നികം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദൗർഭാഗ്യകരമായ സംഭവത്തിൽ അന്വേഷണം വേഗത്തിൽ നടത്തുമെന്നും കേസ് അതിവേഗ കോടതിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം പ്രാകൃത കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താൻ പൊലീസ് എല്ലാ ശ്രമങ്ങളും നടത്തുമെന്നും എക്‌സിലൂടെ അദ്ദേഹം പറഞ്ഞു.
बदलापूरच्या दुर्दैवी घटनेचा गतीने तपास करुन खटला जलदगती न्यायालयात चालविण्यात येईल आणि यात विशेष सरकारी वकील म्हणून ज्येष्ठ विधीज्ञ उज्वल निकम यांची नियुक्ती करण्याचा निर्णय घेण्यात आला असल्याची माहिती उपमुख्यमंत्री देवेंद्र फडणवीस यांनी दिली आहे. @Dev_Fadnavis
— @OfficeOfDevendra (@Devendra_Office) August 20, 2024
രാജ്യാന്തര ശ്രദ്ധയാകർഷിച്ച കേസുകൾ വരെ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകനാണ് ഉജ്വൽ നിഗം. 2008 നവംബർ 26-ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ പിടിക്കപ്പെട്ട ഏക ഭീകരൻ അജ്മൽ കസബിന്റെ വിചാരണയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അജ്മൽ കസബിന് തൂക്കുകയർ വിധിക്കാൻ കാരണമായതും അദ്ദേഹമാണ്. 2012 നവംബറിൽ പൂനെയിലെ യെരവാഡ ജയിലിൽ വെച്ചാണ് ഭീകരനെ വധിച്ചത്. നാലാമത്തെ പരമോന്നത സിവിലയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ച അഭിഭാഷകനാണ് ഉജ്വൽ നിഗം.
രണ്ട് നഴ്സറി കുട്ടികളെ സ്കൂളിലെ ശുചീകരണ തൊഴിലാളിയാണ് പീഡനത്തിനിരയാക്കിയത്. 23-കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തെങ്കിലും പ്രതിഷേധം ഇരമ്പുകയാണ്. കുട്ടികൾ ശുചിമുറി ഉപയോഗിക്കാൻ പോയ വേളയിലായിരുന്നു പീഡനം. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
പിന്നാലെ കുട്ടിക്കൊപ്പം പഠിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ മകൾക്കും സ്കൂളിൽ പോകാൻ പേടിയാണെന്ന് പറയുന്നത്. സംശയം തോന്നിയ ഇവർ കുട്ടികളെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ പ്രകോപിതരായ മാതാപിതാക്കൾ ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിലുൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചു.















