മയാമി: ലോകകപ്പിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ലക്ഷ്യമിട്ട് വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് രേഖകള്‍. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വച്ച് മെസ്സിക്കെതിരെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെയും സമാനമായ ഭീഷണി ഉയര്‍ന്നിരുന്നതായും പോലീസ് രേഖകളില്‍ പറയുന്നതായി സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കളിക്കാര്‍ക്കെതിരായ ബോംബ് ഭീഷണികള്‍, റഫറിമാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങി ലോകകപ്പിനിടെ ഉയര്‍ന്ന വിവിധ സുരക്ഷാ ഭീഷണികളെക്കുറിച്ചും പോലീസ് രേഖകളില്‍ പരാമര്‍ശമുണ്ട്. മെസ്സിയെ ലക്ഷ്യമിട്ട് ഗുരുതരമായ ആക്രമണം നടത്തുമെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.
ഇതിന് പുറമെ ഡാലസ് വിമാനത്താവളത്തിലേക്ക് അജ്ഞാതന്‍ ബോംബ് ഭീഷണി സന്ദേശം നല്‍കിയതായും പോലീസ് രേഖകളിലുണ്ട്. താനും മറ്റ് രണ്ടുപേരും ആയുധങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പോകുകയാണെന്നായിരുന്നു ഫോണ്‍ സന്ദേശത്തിലെ അവകാശവാദം. പോലീസ് ഉദ്യോഗസ്ഥരെയും ഫുട്‌ബോള്‍ താരങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ചും ഭീഷണിയില്‍ പരാമര്‍ശമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനും ശ്രമം നടന്നതായി പോലീസ് രേഖകളില്‍ പറയുന്നുണ്ട്. ടൊറന്റോ, മയാമി, ഹൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളിലും സമാനമായ സുരക്ഷാ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അര്‍ജന്റീന-ഈജിപ്ത് മത്സരത്തിന് നേതൃത്വം നല്‍കിയ റഫറി ഫ്രാങ്കോ ലെറ്റക്‌സിയറിന് ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോകകപ്പിനിടെ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ഭീഷണികളെ അധികൃതര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.















