ലോകത്തിലെ സമ്പന്നരായ മനുഷ്യർ ആരെല്ലാമെന്ന ചോദ്യത്തിന് നമുക്ക് ഉത്തരങ്ങൾ നിരവധിയായിരിക്കും. അതിൽ ഇലോൺ മസ്ക്, സക്കർബർഗ് എന്നിവർക്ക് പുറമെ ഇന്ത്യയിൽ നിന്നും മുകേഷ് അംബാനിയും ഇടംപിടിച്ചേക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച ഏതെന്ന ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടോ? ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെങ്കിൽ അതിനും ഒരു ഉത്തരമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച ഇവളാണ്..
സിയാമിസ്, ടാബി വർഗത്തിൽപ്പെടുന്ന നല എന്ന പൂച്ചയാണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച. കാലിഫോർണിയയിലാണ് ഇവൾ ജനിച്ചതും വളർന്നതും. ഇവൾക്ക് മാത്രമായുള്ള ആസ്തി എത്രയാണെന്നല്ലേ? 100 മില്യൺ ഡോളറാണ് ഈ പൂച്ചയുടെ ആസ്തി. 2010ൽ നലയുടെ ഉടമയായ വാരിസിരി മത്തചിട്ടിഫൻ അവളെ മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ദത്തെടുത്തതോടെയാണ് നല പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുന്നത്.
ഏവരെയും ആകർഷിക്കുന്ന അവളുടെ രൂപവും കുസൃതികളും സോഷ്യൽ മീഡിയയിൽ നലയെ ഹിറ്റാക്കി. ഇൻസ്റ്റഗ്രാമിൽ മാത്രമായി 4.5 മില്യൺ ആളുകളാണ് നലയെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള പൂച്ച എന്ന ബഹുമതിയ്ക്ക് പിന്നാലെ നലയെ തേടി ഗിന്നസ് വേൾഡ് റെക്കോർഡും എത്തിയിരുന്നു.
ഓൺലൈൻ ബ്രാൻഡിംഗ്, പെറ്റ് പ്രൊഡക്റ്റ് പരസ്യങ്ങൾ തുടങ്ങിയവയിലും നല സജീവമാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് അവളെ സമ്പന്നയായ പൂച്ചയാക്കി മാറ്റിയത്. ഇതിനുപുറമെ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രവർത്തനങ്ങളും നലയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ അവളുടെ ഉടമ പങ്കുവയ്ക്കാറുണ്ട്.















