വഡോദര: വ്യാഴാഴ്ച രാവിലെ കംനാഥ് നഗർ നിവാസികൾ എഴുന്നേറ്റത് വലിയൊരു സർപ്രൈസ് മുന്നിൽക്കണ്ടാണ്. വഡോദരയിലെ വിശ്വാമിത്രി നദിയുടെ തീരത്തുള്ള കോളനിയിലാണ് സംഭവം. അതിരാവിലെ മുറ്റത്ത് 15 അടി നീളമുള്ള മുതലയായിരുന്നു പ്രദേശവാസികളെ കാത്തിരുന്നത്. ഗുജറാത്തിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ നദികൾ കരകവിഞ്ഞൊഴുകിയപ്പോൾ എത്തിയ മുതലയാകാമെന്നാണ് നിഗമനം.
ഭീമൻ മുതലയെ കണ്ട് ആദ്യം പരിഭ്രാന്തിയിലായെങ്കിലും എത്രയും വേഗം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു പ്രദേശവാസികൾ. ദൗത്യസംഘം എത്തുമ്പോൾ വീടിന്റെ വാതിൽക്കൽ കിടക്കുന്ന മുതലയെയാണ് കണ്ടത്. ആക്രമണകാരിയായ മുതലയെ വളരെ ജാഗ്രതയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. ബുധനാഴ്ച രാത്രി സമീപത്തെ സമ പ്രദേശത്ത് നിന്ന് 11 അടി നീളമുള്ള മുതലയെയും സംഘം രക്ഷപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഗുജറാത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. വിശ്വാമിത്രി നദി നിറഞ്ഞൊഴുകുകയും ചെയ്തു. ഏകദേശം മുന്നൂറോളം മുതലകളാണ് നദിയിലുള്ളതെന്ന് പറയപ്പെടുന്നു. നദീജലം നഗരപ്രദേശങ്ങളിലേക്ക് ഇരച്ചെത്തിയതോടെയാണ് മുതലകളും അർബൻ ഏരിയകളിലേക്ക് അതിഥികളായെത്തിയത്.















