ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്കെതിരെ പ്രസ്താവന നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല. ഇരയായ യുവതിക്ക് നീതി ആവശ്യപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പറയുന്നത് പ്രതിഷേധക്കാരേയും ഡോക്ടർമാരേയും അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് ഷെഹ്‌സാദ് പറയുന്നു. സംസ്ഥാനത്ത് കുറ്റവാളികളല്ലാതെ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
” രാജ്യത്തെ മുഴുവൻ ജനങ്ങളും ഇന്ന് ബംഗാളിലെ മകൾക്ക് വേണ്ടി നീതി ആവശ്യപ്പെടുകയാണ്. രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസ്താവനയിലും ഇത് വ്യക്തമാണ്. എന്നാൽ മമത ബാനർജിയുടെ മുൻഗണന ഒരിക്കലും ഇരയായ യുവതിക്ക് നീതി ഉറപ്പാക്കുക എന്നതല്ല, മറിച്ച് പ്രതികാര ചിന്തയാണ് അവർക്ക്. ഉത്തർപ്രദേശ്, ബിഹാർ, അസം, നോർത്ത് ഈസ്റ്റ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ കത്തിക്കുമെന്നാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് അവർ പറയുന്നത്. മമതയുടെ ഈ പ്രസ്താവനയെ അഖിലേഷ് യാദവോ, തേജസ്വി യാദവോ, ഗൗരവ് ഗൊഗോയിയോ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
നീതി ആവശ്യപ്പെട്ട് നടത്തുന്ന ഒരു സമരത്തെ പിന്തുണയ്‌ക്കുന്നവരേയും അത് നടത്തുന്നവരേയുമെല്ലാം മമത അപമാനിക്കുകയാണ്. സുപ്രീംകോടതിയും ഹൈക്കോടതിയുമെല്ലാം പറഞ്ഞത് മമത കണ്ടില്ലെന്ന് നടിക്കുന്നു. നീതി ആവശ്യപ്പെടുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നതാണ് അവരുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് മമത ബംഗാളിൽ നടത്തി വരുന്ന ഭരണം അങ്ങേയറ്റം പരാജയപ്പെട്ടതാണ്. സംസ്ഥാനത്ത് എല്ലായിടത്തും അരക്ഷിതാവസ്ഥയാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.
സാധാരണക്കാരായ ജനങ്ങൾ ബോംബുകളും വെടിയുണ്ടകളുമേറ്റ് ആക്രമിക്കപ്പെടുന്നു. കുറ്റവാളികളല്ലാത്ത ആളുകൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവസരം ഇല്ലാത്ത സാഹചര്യമാണ് ബംഗാളിലുള്ളത്. രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെ ശബ്ദമുയർത്താൻ ഇൻഡി നേതാക്കളായ രാഹുലും അഖിലേഷും ഒന്നും തയ്യാറായിട്ടില്ല. ഭരണഘടനയുടെ പകർപ്പുമായി ചുറ്റിയടിക്കുന്ന രാഹുലിന് ഇതേക്കുറിച്ച് ഒന്നും മിണ്ടാനില്ല. ബിഹാറും, അസമും, നോർത്ത് ഈസ്റ്റും, ഒഡിഷയും, ഉത്തർപ്രദേശും, ഡൽഹിയുമെല്ലാം കത്തിക്കുമെന്ന് പറയുന്നത് ഭരണഘടനാപരമായ കാര്യമാണോ? ഇതേക്കുറിച്ച് മിണ്ടാൻ ഇൻഡി സഖ്യത്തിലെ ഒരു നേതാവിനും ശബ്ദം ഉയരില്ലെന്നും” ഷെഹ്‌സാദ് പറയുന്നു.