മഴക്കാലത്ത് വളരെ പെട്ടെന്നാണ് അസുഖങ്ങൾ പിടിപെടുന്നത്. പകർച്ചവ്യാധികൾ മാത്രമല്ല സന്ധിവേദനയും വില്ലനായി എത്താറുണ്ട്. പൊതുവേ സന്ധിവാതം ഉള്ളവർക്കും മഴക്കാലം ഭീഷണിയാണ്. തണുപ്പ് വർദ്ധിക്കുന്നതിനെ തുടർന്ന് വേദനയും വീക്കവും കൂടാനുള്ള സാധ്യകളും ഏറെയാണ്. സന്ധിവേദനയുള്ളവർ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വേദന കുറക്കാനാകും. മഴക്കാലത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
മഞ്ഞൾ
സന്ധിവേദന അലട്ടുന്നവർ മഴക്കാലത്ത് മഞ്ഞൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ സന്ധിവേദന കുറക്കാൻ സഹായിക്കുന്നു. കറികളിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.
ഇഞ്ചി
ഇഞ്ചിയിൽ ധാരാളം ആന്റി- ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന കുറക്കാൻ സഹായിക്കുമെന്നാണ് വിദ്ഗധ പഠനങ്ങൾ വ്യക്തമാക്കുന്നത്. മഴക്കാലങ്ങളിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അനുയോജ്യമാണ്.
വെളുത്തുള്ളി
സന്ധിവേദന അനുഭവപ്പെടുന്നവർ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ വീക്കം കുറക്കാനും വേദന ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പകർച്ചാവ്യാധി തടയുകയും ചെയ്യുന്നു.
ഇലക്കറികൾ
സന്ധിവേദനയുള്ളവർ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് അത്യുത്തമമാണ്. ഇലക്കറികളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, വിറ്റാമിൻ- ഇ തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. എണ്ണയും വെളുത്തുള്ളിയും ചേർത്ത് വഴട്ടിയും കഴിക്കാവുന്നതാണ്.
നട്സ്
ബദാം, കശുവണ്ടി, കപ്പലണ്ടി തുടങ്ങിയ വിവിധ നട്സ് കഴിക്കുന്നതും നല്ലതാണ്. നട്സിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഫൈബറും നട്സിലുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉത്തമമാണ്.
മത്സ്യം
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ സന്ധിവേദനയും തുടർന്നുള്ള അസ്വസ്ഥകളും ഒരു പരിധി വരെ ഇല്ലാതാക്കാനാകും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് സന്ധിവേദനയ്‌ക്ക് മാത്രമല്ല, ആരോഗ്യത്തിനും ഫലപ്രദമാണ്. മത്സ്യത്തിലും ധാരാളമായി ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീ
മഴക്കാലത്ത് സന്ധിവേദനയിൽ നിന്ന് ആശ്വാസം നേടാൻ ഗ്രീൻ ടീയിലൂടെ നമുക്ക് സാധിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന epigallocatechin gallate (EGCG) ശരീരത്തിന്റെ വീക്കം കുറക്കാനും വേദന ഇല്ലാതാക്കാനും സഹായിക്കുന്നു. രുചി ഉണ്ടാകുന്നതിനായി ഗ്രീൻ ടീയിൽ നാരങ്ങയോ തേനോ ചേർത്ത് കഴിക്കാവുന്നതാണ്.















