തിരുവനന്തപുരം: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുളള ആരോപണങ്ങൾ പുതിയതല്ലെന്ന് ശ്രീജിത്ത് പണിക്കർ. പക്ഷെ ഇതുവരെ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായതായി അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു ശ്രീജിത്ത് പണിക്കർ.
2019 ൽ തുടങ്ങി ഏതാണ്ട് എല്ലാ വർഷവും കളളപ്പണ ഇടപാടുകൾ അന്വേഷിക്കണമെന്നും ലഹരി ഉപയോഗം അന്വേഷിക്കണമെന്നും പറഞ്ഞ് നിർമാതാക്കൾ വ്യക്തിപരമായും നിർമാതാക്കളുടെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു സിയാദ് കോക്കറിന്റെ നിലപാട്. ഇത്തരം ആരോപണം ഉയർന്നപ്പോൾ നിയമാനുസൃതവും സത്യസന്ധവുമായി സിനിമ നിർമിക്കുന്ന ഒരുപാട് പേരുണ്ടെന്നും പക്ഷെ ഈ ആരോപണങ്ങൾ എല്ലാവരെയും സംശയത്തിന്റെ നിഴലിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പറഞ്ഞത് മന്ത്രിയായിരുന്ന എകെ ബാലനാണ്. 2019 ൽ മിന്നൽ പരിശോധനയടക്കം നടത്തുമെന്നാണ് പറഞ്ഞത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷവും മലയാള സിനിമയിൽ ഇത്തരം പരിശോധനകൾ നടന്നതായി അറിയില്ല. അഥവാ നടന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ല, അതിന് എന്തെങ്കിലും റിപ്പോർട്ട് ഉണ്ടെങ്കിൽ ആ റിപ്പോർട്ട് എവിടെയാണെന്നും അറിയില്ല.
ഇതേ ആരോപണം 2022 ലും 2023 ലും വന്നു. ടിനി ടോമും തുറന്നു പറഞ്ഞിരുന്നു. മകനെ സിനിമയിലേക്ക് വിടാൻ ഭയമാണെന്നും ലഹരി ഉപയോഗം കൂടുതലാണെന്നുമായിരുന്നു ടിനി ടോമിന്റെ വാക്കുകൾ. ലഹരി ഉപയോഗം കൂടി പല്ല് പൊഴിഞ്ഞുപോയ ഒരു നടനെ തനിക്ക് അറിയാമെന്നും ടിനി ടോം പരസ്യമായി പറഞ്ഞിരുന്നു. വിശദമായി അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ആയില്ല. ലഹരി ഉപയോഗം സിനിമയിലുണ്ടെന്ന് ബാബുരാജും പറഞ്ഞിരുന്നു. സർക്കാർ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.
സർക്കാരിന് ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകൾ ധാരാളമുണ്ട്. യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നത് തടയാനായി നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് സിനിമയ്‌ക്കുളളിൽ നിന്നു തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടും നടപടിയെടുക്കാത്തതെന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു. നടപടിയെവിടെ സർക്കാരേ എന്ന് ചോദിച്ചാൽ മറുപടിയില്ല. നിസ്സഹകരണം കൊണ്ട് ഇത്തരം മാഫിയകൾക്ക് സഹായം ചെയ്തു നൽകുകയാണ് സർക്കാരെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.















