ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്തതാണ് പായസം. പരിപ്പും, പാലും, അടപ്രഥമനുമൊക്കെയാണ് മിക്ക വീടുകളിലും സ്ഥാനം പിടിക്കുന്നത്. എന്നാൽ ഇത്തവണ ഓണത്തിന് ഇത്തിരി വെറൈറ്റിയായി പായസമുണ്ടാക്കിയാലോ? ചൗവരിയാണ് പ്രധാന ചേരുവ. കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
- ചൗവരി- അരക്കപ്പ് (തരികളുള്ളതാണ് നല്ലത്)
- പാൽ- 1 ലിറ്റർ
- പഞ്ചസാര- 1 കപ്പ്
- ഏലയ്‌ക്കാ പൊടി- 1 ടീസ്പൂൺ
- നെയ്യ്-രണ്ടര ടേബിൾ സ്പൂൺ
- കശുവണ്ടിയും ഉണക്കമുന്തിരിയും- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
നെയ്യ് ഒഴിച്ച് ചൗവരി ചെറിയ തീയിൽ അഞ്ച് മിനിറ്റ് വറുത്തെടുക്കുക. തീ ഓഫ് ചെയ്ത് ഒരു കപ്പ് പാൽ ഇതിലേക്ക് ഒഴിച്ച് കുതിരാൻ വയ്‌ക്കുക. തുടർന്ന് ബാക്കിയുള്ള പാലും കൂടി ചേർത്ത് ചൗവരി വേവുന്നത് വരെ ഇളക്കി കൊടുക്കുക. വെന്തതിന് ശേഷം പഞ്ചസാരയും ഏലയ്‌ക്ക പൊടിയും ചേർക്കുക.
മറ്റൊരു പാത്രത്തിൽ പഞ്ചസാര കുറുക്കുക. തിളച്ചു കൊണ്ടിരിക്കുന്ന പായസത്തിലേക്ക് ഇത് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
നെയ്യ് ഒഴിച്ച് കശുവണ്ടിയും അണ്ടിപ്പരിപ്പും വറുത്തെടുക്കുക. ഇത് പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. വേണമെങ്കിൽ നെയ്യും ചേർക്കാവുന്നതാണ്. തണുക്കുമ്പോൾ പായസം കട്ടി ആയാൽ പാൽ ചേർത്ത് തിളപ്പിച്ചാൽ മതി.















