ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദമാസത്തിലെ ശുക്ലപക്ഷത്തിലെ 11-ാം ദിവസമാണ് ( തിഥി ) പാർശ്വ ഏകാദശി വരുന്നത്. ഭഗവാൻ മഹാവിഷ്ണു നാലുമാസം ഉറങ്ങുന്ന ചാതുർമാസ ദശയിൽ വരുന്നതിനാൽ ഇത് വളരെ പ്രധാനപ്പെട്ട ഏകാദശിയാണ്. പാർശ്വ ഏകാദശി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പരിവർത്തിനി ഏകാദശി, ജയന്തി ഏകാദശി, വാമന ഏകാദശി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സന്യാസിമാരുടെ പ്രധാന ഏകാദശി കൂടിയാണ് പാർശ്വ ഏകാദശി. കേരളത്തിൽ ഈ ഏകാദശി തിരുവോണത്തോട് അനുബന്ധിച്ചാണ് വരുന്നത്.
ഏകാദശി തിഥി ആരംഭിക്കുന്നത് – 2024 സെപ്തംബർ 13-ന് രാത്രി 10:30-ന്
ഏകാദശി തിഥി അവസാനിക്കുന്നത് – 2024 സെപ്തംബർ 14-ന് 08:41 പിഎം
മഹാവിഷ്ണു ഉറങ്ങുന്ന ചാതുർമാസത്തിൽ വരുന്നതിനാൽ പാർശ്വ ഏകാദശിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. പുരാണമനുസരിച്ച്, ഈ ദിവസം വിഷ്ണു തന്റെ ഇടതുവശത്ത് നിന്ന് വലതുവശത്തേക്ക് തിരിയുന്നു എന്നാണ് വിശ്വാസം. ഇത് മൂലമാണ് ഈ ഏകാദശിക്ക് പാർശ്വ ഏകാദശി അല്ലെങ്കിൽ പരിവർത്തിനി ഏകാദശി എന്ന് പേര് വന്നത്. തപസ്സുകൾ, വ്രതാനുഷ്ഠാനങ്ങൾ, ധ്യാനം, മറ്റ് മതപരമായ ആചാരങ്ങൾ എന്നിവയ്‌ക്ക് ഇത് വളരെ അനുയോജ്യമായ കാലഘട്ടമാണ് പരിവർത്തിനി ഏകാദശി വരുന്ന വാരം.
പാർശ്വ ഏകാദശി വ്രതം ആചരിക്കുന്നത് ഭക്തർക്ക് ഏറെ നേട്ടങ്ങൾ നൽകുന്നു എന്നാണ് വിശ്വാസം. അത് ഭക്തരുടെ പാപങ്ങളെ ഇല്ലാതാക്കുന്നു, ശക്തമായ ഇച്ഛാശക്തി, നല്ല ആരോഗ്യം, സമ്പത്ത്, ആത്മീയ വളർച്ച, സന്തോഷം എന്നിവയും ലഭിക്കുന്നു.
എല്ലാ ഏകാദശിക്കും ഒരു അധിപനായ ഒരു മൂർത്തിയുണ്ട്. അവ വിഷ്ണുവിന്റെ വിവിധ ഭാവങ്ങളാണ്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ അഞ്ചാമത്തേതായ വാമനനാണ് പാർശ്വ ഏകാദശിക്ക് അധിപൻ.
പാർശ്വ ഏകാദശി ദിനത്തിൽ ചെയ്യേണ്ടത്
പാർശ്വ / പരിവർത്തിനി ഏകാദശി വ്രതമെടുക്കാൻ കഴിവുള്ള എല്ലാവരും വ്രതമോ ജപമോആചരിക്കേണ്ട ദിവസമാണ് . തിഥി ദിവസ്സം അതിരാവിലെ മുതൽ പിറ്റേന്ന് രാവിലെ വരെ ഉപവാസത്തിൽ തുടരണം.വിഷ്ണു പ്രീതികരങ്ങളായ മന്ത്രങ്ങൾ ജപിക്കുക, സ്തുതികൾ ആലപിക്കുക, ദിവസം മുഴുവൻ വിഷ്ണുവിനെ വാമനമൂർത്തിയായി സേവിക്കുക എന്നിവ നിർബദ്ധമാണ്. പാർശ്വ ഏകാദശി വ്രതം ആചരിച്ചാൽ ഏകാദശി രാത്രിയിൽ ഉറങ്ങാൻ പാടില്ലന്നുണ്ട്.
ഏകാദശി വ്രതമെടുക്കുമ്പോൾ ദശമി ദിനത്തിൽ ഭക്തൻ ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. അന്നു രാത്രി തറയിൽ ഉറങ്ങണം.
പാർശ്വ ഏകാദശി വ്രതം ഏകാദശിയുടെ തിഥിയിൽ പ്രഭാതത്തിൽ ആരംഭിക്കുന്നു, വ്രതസങ്കൽപം രാവിലെ കുളിച്ചതിന് ശേഷം സൂര്യോദയത്തിന് മുമ്പ് എടുക്കണം. ഭാഗികമാണോ പൂർണ്ണ വ്രതം/വ്രതം അനുഷ്ഠിക്കുന്നുണ്ടോ എന്ന് തീരുമാനിക്കണം. ഏറ്റവും നല്ല ഉപവാസം വരണ്ട ഉപവാസം, നിർജാല വ്രതം, അതായത് കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ ഉപവാസം ആണെന്നാണ് വിശ്വാസം. വെള്ളം കുടിച്ചും ഭക്ഷണം വർജ്ജിച്ചും ഒരാൾക്ക് ഭാഗിക വ്രതം ആചരിക്കാം.പഴവും പാലും ഭക്ഷണക്രമം ഈ ദിവസം വ്രതം ആചരിക്കുന്നതിനുള്ള ഒരു സാധാരണ മാർഗമാണ് .
വ്രതം വിജയകരമായി പൂർത്തിയാക്കാൻ ഭഗവാൻ വാമനനെ/വിഷ്ണുവിനെ പ്രാർത്ഥിക്കുക. മറ്റുള്ളവരെക്കുറിച്ചോ അവനവനെക്കുറിച്ചോ മോശമായി സംസാരിക്കുന്നതും / ചിന്തിക്കുന്നതും ഏകാദശി വ്രതത്തിന്റെ ഫലം കുറയ്‌ക്കും .ഏകാദശിയിലും ദ്വാദശിയിലും മദ്യം, മയക്കുമരുന്ന്, പുകയില, മറ്റ് ആസക്തികൾ, ലൈംഗികത എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. പാർശ്വ ഏകാദശിയുടെ അധിപനായ വാമന ഭഗവാനെ നെയ്യ് വിളക്ക് കത്തിച്ചും തുളസി മാലയും പുതുപുഷ്പങ്ങളും സമർപ്പിച്ച് പൂജിക്കുക. ഈ ദിവസം വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.
ജപിക്കാവുന്ന മന്ത്രങ്ങൾ:-
ഓം നമോ നാരായണായ..
ഓം നമഃ ഭഗവതേ വാസുദേവായ
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
വാമനഗായത്രി
ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
നാരായണ ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!