പുരി : വിഖ്യാത മണൽ കലാകാരനായ സുദർശൻ പട്നായിക് ഒഡീഷയിലെ പുരി ബീച്ചിൽ വിനായക ചതുർത്ഥി ദിനത്തിൽ നിർമ്മിച്ച മണൽ ശിൽപം ശ്രദ്ധേയമാകുന്നു. ‘ലോകസമാധാനം’ എന്ന ശക്തമായ സന്ദേശം ഉൾക്കൊള്ളുന്ന ഈ ശിൽപം കാണുവാൻ നിരവധിപേരാണ് തീരത്ത് എത്തിച്ചേരുന്നത് .
ഗണേശ ചതുർത്ഥിയെ സവിശേഷമായ രീതിയിൽ അടയാളപ്പെടുത്തിയ ഈ ശില്പത്തിൽ മണലിനു പുറമെ 20 തരം വ്യത്യസ്ത പഴങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മണൽ ശിൽപത്തിന്റെ ചിത്രങ്ങൾ സുദർശൻ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശിൽപത്തിനൊപ്പം “ലോകസമാധാനം” എന്ന സന്ദേശവും എഴുതി.
പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത കലാകാരനുമായ പട്നായിക്ക് പുരി ബീച്ചിൽ ഒരു സാൻഡ് ആർട്ട് സ്കൂൾ നടത്തുന്നു. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട്ട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പങ്കെടുത്ത പട്നായിക്ക് ഇന്ത്യക്കായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഓരോ വിശേഷാവസരങ്ങളിലും പുരി കടൽത്തീരത്ത് അദ്ദേഹം നിർമ്മിക്കുന്ന മണൽ ശില്പങ്ങൾ വൻ തോതിൽ ശ്രദ്ധ നേടാറുണ്ട്.















