ചിക്കാഗോ: തമിഴ് വംശജർ പൊട്ടക്കിണറ്റിലെ തവളകളല്ലെന്നും കഴിവുകൊണ്ട് മാത്രമാണ് അവർ വളരുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യു എസിൽ സന്ദർശനം നടത്തുന്ന സ്റ്റാലിൻ ചിക്കാഗോയിൽ പ്രസംഗത്തിനിടെയാണ് പരാമർശം നടത്തിയത്. ജാതി- മത ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള കരുത്ത് തമിഴ് വംശജർക്ക് മാത്രമേയുള്ളൂ. 4000 വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴ് സമൂഹം വികസിത സമൂഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷപെടുത്തിയത് ഡിഎംകെ സർക്കാരിന്റെ അക്കൗണ്ടിലിടാനും സ്റ്റാലിൻ ശ്രമിച്ചു. യുക്രെയ്നിൽ സംഘർഷാവസ്ഥക്കാലത്ത് 1,524 തമിഴ് വിദ്യാർത്ഥികളെ രക്ഷിച്ചു. കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് 83 പേരെ തിരികെയെത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി ഇസ്രായേലിൽ പോയ 126 പേരെ രക്ഷപ്പെടുത്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ മറച്ചുവച്ചായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.
തമിഴ്നാടിന്റെ സമ്പന്നമായ പാരമ്പര്യവും പൈതൃകവും ഇന്നത്തെ തലമുറയും അറിയണമെന്ന് അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും തമിഴ് വംശജർ കുടുംബമായി സംസ്ഥാനത്തെത്തണം. ഭിന്നതകൾക്ക് ഇടം നൽകാതെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ദ്രാവിഡ രീതിയിലുള്ള ഭരണസംവിധാനം ആഗോള തലത്തിലുള്ള തമിഴ് വംശജർക്ക് സംരക്ഷണം നൽകുന്നുവെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.
തമിഴ്നാട് നമ്മുടെ അമ്മയാണെന്ന കാഴ്ചപാട് എപ്പോഴും ഉണ്ടാവണം. ഈ കുടയ്‌ക്ക് കീഴിലുള്ള ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് എല്ലാവരുടെയും പ്രശ്നമാണ്. അത് പരിഹരിക്കാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനത്തിനെതിരെ വിമർശനങ്ങളും ശക്തമാകുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമമാണ് ഡിഎംകെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് നയതന്ത്ര മേഖലയിലെ വിദഗ്ധർ ഉൾപ്പടെ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് 27-ന് ആരംഭിച്ച 17 ദിന സന്ദർശനം തുടരുകയാണ്. വിദേശ നിക്ഷേപങ്ങളിൽ കണ്ണ് വച്ചുള്ള സന്ദർശനമാണ് സ്റ്റാലിൻ നടത്തുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് പ്രധാന്യമില്ലാത്ത തരത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.















