പുഞ്ചിരി തൂകുന്ന മുഖം കണ്ടാൽ തന്നെ പ്രത്യേക ഊർജ്ജമാണ്. പോസറ്റീവ് എനർജി സമ്മാനിക്കാൻ ചിരിക്ക് സാധിക്കും. എന്നാൽ മനുഷ്യനെ പോലെ മൃഗങ്ങളും ചിരിക്കുമെങ്കിലോ! ചിരിക്കുമെന്ന് തെളിയിക്കുകയാണ് ഓസ്ട്രേലിയയിലെ മരത്തവള.
‘ലിറ്റോറിയ റിഡിബുണ്ട’ എന്നറിയപ്പെടുന്ന ഈ തവളകൾ മറ്റ് തവളകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ചിരിയോട് സാമ്യമുള്ള ശബ്ദമാണ് ഈ തവളകൾ പുറപ്പെടുവിക്കുന്നത്. ഇക്കാരണത്താലാണ് അവയെ ചിരിക്കും തവളകളെന്ന് വിളിക്കുന്നത്. 2023-ലെ ഓസ്ട്രേലിയൻ നാഷണൽ സ്പീഷിസ് ലിസ്റ്റിലും ഈ തവള ഉൾപ്പെട്ടിട്ടുണ്ട്.
ജൈവവൈവിധ്യങ്ങൾക്ക് പേരുകേട്ട നാടാണ് ഓസ്ട്രേലിയ. ഏറ്റവുമൊടുവിലായി 750 പുതിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. സസ്യങ്ങൾ, മൃഗങ്ങൾ, ഫംഗസ്, എന്ന് തുടങ്ങിയ ജീവികളെ രേഖപ്പെടുത്തുകയും അവയെ കുറിച്ചുള്ള വിവരങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണ് നാഷണൽ സ്പീഷിസ് ലിസ്റ്റ്. 70 ശതമാനത്തോളം ജൈവവൈവിധ്യം ഇനിയും കാണാമറയത്താണെന്ന് കൗതുകകരമായ കാര്യവും ഓസ്ട്രേലിയയിലെ പരിസ്ഥിതി മന്ത്രി തന്യാ പ്ലിബർസെക് പറഞ്ഞു.
തെളിയിക്കപ്പെട്ടുള്ളതിൽ വച്ച് 1,50,000-ത്തിലേറെ സ്പീഷിസലുകളാണ് ഓസ്ട്രേലിയയിലുള്ളത്. ഓരോ ദിവസവും ശാസ്ത്രത്തിന് രണ്ട് പുതിയ ഇനങ്ങളെ സമ്മാനിക്കുന്നു. ടാക്സോണമിസ്റ്റുകൾ അവയ്‌ക്ക് പേരുകൾ നിർദ്ദേശിക്കുന്നു.