ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇസ്രായേൽ. സ്വകാര്യ ഇസ്രായേലി കമ്പനിയാകും നിക്ഷേപം നടത്തുകയെന്ന സൂചന ഇസ്രായേൽ അംബാസഡർ റൂവൻ അസർ നൽകിയിട്ടുണ്ട്. കമ്പനി മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കുന്ന കമ്പനിയായ ടവർ സെമികണ്ടക്ടർ ഇന്ത്യയിൽ ബില്യൺ ഡോളറുകൾ നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. സെമികണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി സഹകരണം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഇന്ത്യൻ കമ്പനികളുടെ സഹായം തേടുമെന്നും ഇസ്രായേൽ അംബാസഡർ അറിയിച്ചു. ടെൽ അവീവിൽ മെട്രോ, വിമാനത്താവളം എന്നിവ ഉൾപ്പടെ 35 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം വളരെ ദൃഢവും അസാധാരണവുമാണെന്ന് റൂവൻ അസർ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ചരിത്രമാണ് കൂടുതൽ സഹകരണവും അടുപ്പവും സൃഷ്ടിക്കുന്നത്. 2000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ജനതയും ജൂതന്മാരും അധിനിവേശത്തിന് വിധേയരായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിർണായക ഘടകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.