കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി രൂപയുടെ (1.39 ബില്യൺ യുഎസ് ഡോളർ) വരുമാനമാണ് ഇന്ത്യ നേടിയതെന്ന് ഐസിസി വ്യക്തമാക്കുന്നു. ഇന്ത്യയിലെ പത്ത് നഗരങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് കിരീടം നഷ്ടമായെങ്കിലും രാജ്യത്തിന് സാമ്പത്തിക നേട്ടം മുതൽക്കൂട്ടായി. ഇന്ത്യയെ പ്രധാന വിനോദ സഞ്ചാരയിടമായി ഉയർത്തിക്കാട്ടാനും ടൂർണമെന്റിന് സാധിച്ചു.
ടൂറിസവും അനുബന്ധ മേഖലകളിലുമാണ് സാമ്പത്തിക നേട്ടമുണ്ടായത്. ടൂറിസം രംഗത്തു മാത്രം ഇന്ത്യക്ക് ഏഴായിരം കോടിയിലധികം വരുമാനം നേടാനായി. താമസം, യാത്ര, ഭക്ഷണ-പാനിയങ്ങൾ തുടങ്ങിയവയിലൂടെയുള്ള വരുമാനമാണ് ഏറിയ പങ്കും. നാലായിരം കോടിയോളം രൂപ ഈ മേഖലയിൽ നിന്നും ലഭിച്ചു. തദ്ദേശീയരും വിദേശികളും നിറഞ്ഞൊഴുകിയ ടൂർണമെന്റായിരുന്നു ഏകദിന ലോകകപ്പ്. അതേസമയം നടത്തിപ്പിനായി ബിസിസിഐ 500 കോടിയോളം തുക ചെലവഴിച്ചിരുന്നു.
1.25 മില്യൺ ആരാധകർ ടൂർണമെന്റ് നേരിൽ കണ്ടു. ഇതിൽ 75 ശതമാനം പേരും ഐസിസിയുടെ ഏകദിന ടൂർണമെന്റ് കാണാനെത്തുന്നത് ആദ്യമെന്നാണ് റിപ്പോർട്ടുകൾ. വിദേശികളുടെ വരവിൽ 19 ശതമാനം വർദ്ധനയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട് ടൈമും ഫുൾടൈമുമായി 48,000 തൊഴിൽ അവസരങ്ങൾ ടൂർണമെന്റിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റാലിറ്റി, ഇവൻ്റ് മാനേജ്മെന്റ് രംഗത്താണ് കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടായത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദേശ സഞ്ചാരികൾക്ക് പ്രിയയിടമായി.