ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ സാൻജൗലി മേഖലയിലെ അനധികൃത മോസ്‌ക് നിർമാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഒരു നിലയ്ക്ക് മാത്രം അനുമതി വാങ്ങി അഞ്ച് നിലയിലാണ് മോസ്‌ക് പണിയുന്നത്. മോസ്‌ക് നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പ്രദേശത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കുന്ന നീക്കമാണിതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
സാൻജൗലിയിലെ ധളളി മേഖലയിലാണ് വിവാദമായ മോസ്‌ക് നിർമാണം. പളളി നിർമിക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും വഖഫ് ബോർഡിന് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനായിട്ടില്ലെന്നും ഷിംല മുൻസിപ്പൽ കോർപ്പറേഷനും വ്യക്തമാക്കുന്നു. വിഷയം കോടതിയുടെ പരിഗണനയിലായിട്ടും അനധികൃത നിർമാണവുമായി മുന്നോട്ടുപോകുന്നതാണ് പ്രദേശവാസികളെ പ്രകോപിപ്പിക്കുന്നത്.
നാട്ടുകാർ ഇന്നും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. ചിലർ ദേശിയപതാകയുമായിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രദേശത്ത് വലിയ തോതിൽ പൊലീസിനെയും വിന്യസിച്ചു. സംഘർഷങ്ങൾ ഒഴിവാക്കാനായി സാൻജൗലി മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുളള അനധികൃത കുടിയേറ്റക്കാരുൾപ്പെടെ മോസ്‌ക് നിർമാണത്തിന് പിന്നിലുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
2010 മുതൽ ഈ നിർമാണത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ അന്നുതന്നെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻസിപ്പൽ കോടതിയുടെ പരിഗണനയിലുളള കേസിൽ ഒക്ടോബർ അഞ്ചിന് അടുത്ത വാദം കേൾക്കലും നിശ്ചയിച്ചിട്ടുണ്ട്. ഒരു നിലയിൽ നിന്ന് അഞ്ച് നിലയാക്കി മാറ്റിയതിന് കോടതി നേരത്തെ വഖഫ് ബോർഡിനെയും മോസ്‌ക് കമ്മിറ്റിയെയും വിമർശിക്കുകയും ചെയ്തിരുന്നു.