ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നായി മാറിയിട്ടും, ബ്രോക്കോളി ആളുകൾ അധികം ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എല്ലാവർക്കും അധികം ഇഷ്ടപ്പെടാറില്ല എന്നതാണ് ഇതിന് പ്രധാന കാരണം.
എന്നാൽ ഈ പച്ചക്കറി നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഓസ്‌ട്രേലിയയിലെ ഹാർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. അതിന് കാരണമുണ്ട്.
ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫോറഫെയ്ൻ സംയുക്തത്തിന് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്‌ക്കാനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് നിലവിലുള്ള മരുന്നുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനം പറയുന്നു. അതിനാൽ, ദിവസവും ബ്രോക്കോളി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്‌ക്കും.
സാധാരണയായി സ്ട്രോക്ക് ഉള്ള ഒരു രോഗിക്ക് ടിഷ്യു പ്ലാസ്മിനോജൻ ആക്റ്റിവേറ്റർ നൽകാറുണ്ട്. എന്നിരുന്നാലും, ഇത് 20 ശതമാനം കേസുകളിൽ മാത്രമേ വിജയിക്കൂ. എന്നാൽ മരുന്നിന് പുറമെ ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ വിജയ നിരക്ക് 60 ശതമാനമായി ഉയർന്നുവെന്നാണ് കണ്ടെത്തൽ. സാധാരണയായി കോളിഫ്ലവർ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങളെല്ലാം തന്നെ ബ്രോക്കോളിയിലും പരീക്ഷിക്കാവുന്നതാണ്. അതിനാൽ ഇനി മുതൽ ബ്രോക്കൊളിയെ സ്നേഹിച്ച് തുടങ്ങിക്കോളൂ.