ന്യൂഡൽഹി: ഐ ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഐ ഫോൺ 16 ഇന്ത്യയിൽ പ്രീ ബുക്കിംഗ് തുടങ്ങി. ഈ മാസം 20 മുതൽ വിൽപന ആരംഭിക്കുമെന്നാണ് ആപ്പിൾ അറിയിച്ചിട്ടുളളത്. ആപ്പിൾ സ്റ്റോർ വഴി നേരിട്ടും ആമസോൺ, ഫ്‌ളിപ്പ് കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഐ ഫോൺ 16 ബുക്ക് ചെയ്യാം.
ഡിസ്‌കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളുമായി ഐ ഫോൺ 16 വിൽപന പൊടിപൊടിക്കാനുളള ഒരുക്കത്തിലാണ് ആമസോണും ഫ്‌ളിപ്പ് കാർട്ടും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ അനുസരിച്ച് ആകർഷകമായ നിരവധി ഓഫറുകളാണ് ഇരുകൂട്ടരും ഉപഭോക്താക്കൾക്കായി മുന്നോട്ടുവയ്‌ക്കുന്നത്. ആപ്പിളിന്റെ ഒഫീഷ്യൽ ഇന്ത്യ സ്റ്റോറുകൾ വഴി നേരിട്ടും ഓൺലൈനിലും പ്രീ ഓർഡർ നൽകാം.
ആമസോണും ഫ്‌ളിപ്പ് കാർട്ടും കൂടാതെ ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നീ തേർഡ് പാർട്ടി റീട്ടെയ്‌ലർമാരും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഐ ഫോൺ 16, ഐ ഫോൺ 16 Plus, ഐ ഫോൺ 16 Pro, ഐ ഫോൺ 16 Pro Max എന്നിവ ബുക്ക് ചെയ്യാം.
ആപ്പിൾ സ്റ്റോർ വഴി ബുക്ക് ചെയ്താൽ ഐസിഐസിഐ, ആക്‌സിസ്, അമേരിക്കൻ എക്‌സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആണ് ലഭിക്കുക. ആമസോണിൽ എസ്ബിഐ ക്രെഡിറ്റ് കാർഡിനും കൊഡാക്ക് ക്രെഡിറ്റ് കാർഡിനും ഉൾപ്പെടെ 5000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഫ്‌ളിപ്പ് കാർട്ടും ക്രോമയും റിലയ്ൻസ് ഡിജിറ്റലുമൊക്കെ ഈ നിരക്കിലാണ് ഓഫർ പ്രഖ്യാപിച്ചിട്ടുളളത്.