തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി പതിവുപോലെ തിരുവോണദിനം നൻമയുടെ സന്ദേശം പകർന്ന് കേന്ദ്രമന്ത്രി സുരഷ് ഗോപി. ഇവിടെ സേവാഭാരതി തുടർച്ചയായ 25 ാം വർഷം നൽകുന്ന ഓണസദ്യയുടെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപി ഭക്ഷണം വിളമ്പി നൽകിയത്.
കഴിഞ്ഞ 24 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതി അന്നദാനം നൽകുന്നുണ്ട്. മെഡിക്കൽ കോളേജിലായതിനാൽ ഓണമില്ല എന്ന് വിഷമിച്ചു കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായിട്ടാണ് ഓണസദ്യയുടെ മധുരവുമായി സേവാഭാരതി എല്ലാക്കൊല്ലവും എത്തുന്നത്.
നാടും നഗരവും ഓണത്തിന്റെ ഉത്സവത്തിരക്കിലാകുമ്പോൾ ദാഹജലം പോലും കിട്ടാത്ത സ്ഥിതിയിലാണ് ഓണനാളിൽ മെഡിക്കൽ കോളേജിലും മറ്റും കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും. കടകൾ ഓണാവധിയിൽ തുറക്കാത്തതും ഇവരുടെ അന്നം മുട്ടിച്ചിരുന്നു. ഈ സ്ഥിതി മനസിലാക്കിയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതി
ഓണസദ്യ നൽകാനാരംഭിച്ചത്.
തിരുവോണ സദ്യയ്‌ക്ക് മുൻപായി ദന്തൽ കോളേജ് പരിസരത്ത് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. സ്വാഗതസംഘം ചെയർമാൻ സതീഷ് ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ടയേർഡ് ചീഫ് ടെക്നിക്കൽ ഓഫീസർ RCC ബി പത്മാവതി അമ്മ , രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം മഹാനഗർ സംഘചാലക് എം മുരളി തുടങ്ങിയവർ പങ്കെടുത്തു.















