ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ട്രംപിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നതെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
” ഉച്ചയ്‌ക്ക് ശേഷമാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. മറ്റൊരു വധശ്രമം ഉണ്ടായതിൽ ട്രംപ് ആശങ്ക അറിയിച്ചു, എന്നാൽ സുരക്ഷിതനാണെന്നതിൽ അദ്ദേഹം സന്തോഷിക്കുന്നുണ്ട്. ട്രംപ് സുരക്ഷിതനാണെന്നതിൽ കമലാ ഹാരിസും ആശ്വാസം പ്രകടിപ്പിച്ചതായും” വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപ് ഗോൾഫ് ക്ലബ്ബിലുണ്ടായിരുന്ന സമയത്താണ് അക്രമി ഇവിടേക്ക് വെടിയുതിർത്തത്. ആക്രമണമുണ്ടായതിന് പിന്നാലെ സംഭവത്തെ അപലപിച്ച് കമലാ ഹാരിസ് രംഗത്തെത്തിയരുന്നു. ട്രംപ് സുരക്ഷിതനാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും, അമേരിക്കയിൽ ആക്രമണത്തിന് സ്ഥാനമില്ലെന്നും കമലാ ഹാരിസ് അറിയിച്ചിരുന്നു.
പെൻസിൽവാനിയയിലെ ആക്രമണശ്രമം പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ട്രംപിന് നേരെ മറ്റൊരു വെടിവയ്പ് ഉണ്ടാകുന്നത്. പ്രസിഡന്റ് മത്സരത്തിലെ സ്ഥാനാർത്ഥികളായ കമലാ ഹാരിസും ട്രംപും തമ്മിൽ നടന്ന സംവാദത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്. ഡിബേറ്റിൽ കമല ഹാരിസ് ട്രംപിനെ തറപറ്റിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സംവാദത്തിന് പിന്നാലെ പുറത്തിറക്കിയ സിഎൻഎൻ ഫൽഷ് പോൾ പ്രകാരം 54 പേർ കമലാ ഹാരിസ് വിജയിച്ചതായി അഭിപ്രായപ്പെട്ടു. 31 ശതമാനം പേർ മാത്രമാണ് ട്രംപാണ് മികച്ച സംവാദം നടത്തിയതെന്ന് അഭിപ്രായപ്പെട്ടത്.