പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യൻ സർക്കാരിന് ‘A’ ഗ്രേഡ് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളിലൂടെ മറ്റേത് സർക്കാരിനെക്കാളും മുൻപിലാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങളിൽ ചില പോഷകങ്ങളുടെ അളവ് കുറവാണെന്ന് തിരിച്ചറിഞ്ഞ് അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഇത് പ്രശംസനീയമാണെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2024 പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ മസ്തിഷ്ക വികാസം സംഭവിച്ചിട്ടില്ലെങ്കിലോ പൂർണ വളർച്ച എത്തിയിട്ടില്ലങ്കിലോ പിന്നീട് എത്രകാലവും ആവശ്യത്തിന് ആഹാരം കഴിച്ചെന്ന് പറഞ്ഞാലും യാതൊരുവിധ കാര്യവുമില്ല. കൃത്യമായ സമയത്ത് കൃത്യമായ രീതിയിൽ പോഷകഹാരം കഴിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പോഷകാഹാരം നൽകുന്നത് വഴി കുട്ടികളിലെ മരണ നിരക്ക് ഗണ്യമായി കുറയ്‌ക്കാൻ സാധിക്കും. മാനസികവും ഭൗതികവുമായ വളർച്ചയ്‌ക്കും പോഷകാഹാരം സഹായിക്കുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനാകും. ഇന്ത്യയുടെ വളരുന്ന സമ്പദ് വ്യവസ്ഥയുടെ നേർചിത്രമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്ക പോലുള്ള രാജ്യങ്ങൾക്ക് ഇന്ത്യയെ മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ ആരോഗ്യകാര്യത്തില് ഇന്ത്യയുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. 2000-ത്തിനും 2009-നുമിടയിലുള്ള കാലഘട്ടതത്തെ മഹാത്ഭുതമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൊവിഡ് മഹാമാരി കാലത്ത് ലോകമെമ്പാടും വാക്സിൻ വിതരണം ചെയ്തു. വാക്സിൻ സ്വീകരിക്കുന്നതിനൊപ്പം തന്നെ വികസ്വര രാജ്യങ്ങളിലേക്ക് ചെലവ് കുറഞ്ഞ രീതിയിൽ മരുന്ന് എത്തിക്കാനും ആഗോള ആരോഗ്യത്തിനായി പ്രയത്നിക്കുകയും ചെയ്തു.