ന്യൂഡൽഹി: വനവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ 63,000-ലധികം വനവാസി ഭൂരിപക്ഷ ഗ്രാമങ്ങളുടെ മുഖച്ഛായ മാറാൻ പദ്ധതി സഹായിക്കും. 79,156 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
അഞ്ച് കോടിയിലധികം പേർക്കാകും പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുക. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 549 ജില്ലകളിലും 2,740 ബ്ലോക്കുകളിലുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 25 പദ്ധതികളാകും വനവാസി സമൂഹത്തിനായി പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ വഴി നടപ്പിലാക്കുക.
അഞ്ച് വർഷത്തിനുള്ളിൽ പട്ടികവർഗവിഭാഗത്തിന് ജൽ ജീവൻ മിഷൻ വഴി ടാപ്പുകളിലൂടെ കുടിവെള്ളം, അടച്ചുറപ്പുള്ള വീട് ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കും. യോഗ്യരായ പട്ടികവർഗക്കാർക്ക് ആയുഷ്മാൻ ഭാരത് കാർഡും പദ്ധതിയുടെ ഭാഗമായി നൽകും. മികച്ച റോഡ് ഗതാഗതം, ഭാരത് നെറ്റ് വഴി കണക്ടിറ്റിവിറ്റി, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താനായി പദ്ധതികൾ എന്നിവയും ഉൾപ്പെടുന്നു.
നൈപുണ്യ വികസന സംരഭങ്ങൾ പ്രോത്സാഹിപ്പിക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും സ്വയം തൊഴിൽ കണ്ടെത്താനും അവസരമൊരുക്കും. പദ്ധതിയുടെ പരിധിയിൽ വരുന്ന വനവാസി ഗ്രാമങ്ങൾ പിഎം ഗതി ശക്തി പോർട്ടലിൽ മാപ്പ് ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.















