റായ്പൂർ: പാമ്പുകടിയേറ്റ് 22-കാരൻ മരിച്ചതിനെ തുടർന്ന്, കടിച്ച പാമ്പിനെ യുവാവിന്റെ ചിതയിലിട്ട് ചുട്ടെരിച്ച് നാട്ടുകാർ. കടുത്ത വിഷമുള്ള പാമ്പാണ് യുവാവിനെ കടിച്ചതെന്നും മറ്റ് ആളുകളെ കടിക്കാതിരിക്കാനാണ് പാമ്പിനെ കൊന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. പാമ്പിനെ ചുട്ടുകൊല്ലുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശനിയാഴ്ച രാത്രി കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. ബൈഗമർ സ്വദേശിയായ ദിഗേശ്വർ രതിയയ്ക്കാണ് കടിയേറ്റത്. ഇതോടെ യുവാവിനെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുക്കുകയും പാമ്പിനെ പിടികൂടി കുപ്പിയിലാക്കി വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ യുവാവ് മരിക്കുകയായിരുന്നു.
യുവാവിന്റെ സംസ്കാര ചടങ്ങുകൾക്കിടെ, പിടികൂടിയ പാമ്പിനെ വടിയിൽ കെട്ടി നാട്ടുകാർ ചിതയ്ക്ക് മുകളിൽ വച്ച് തീകൊളുത്തി. സംഭവത്തിൽ നാട്ടുകാർക്കെതിരെ നടപടിയെടുക്കില്ലെന്നും എന്നാൽ ബോധവത്കരണം നൽകുമെന്നും അധികൃതർ പറഞ്ഞു. പാമ്പുകളെ കുറിച്ചും പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയാണ് നാട്ടുകാർക്ക് ആവശ്യമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.















