പാകിസ്താനിൽ അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സുരക്ഷകളിൽ ഐസിസി സംഘം സംതൃപ്തരെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. സുരക്ഷാ വിലയിരുത്തലുകളെ കുറിച്ച് നിരവധി ചർച്ചകൾ നടന്നു. കറാച്ചി, റാവൽപിണ്ടി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലെ പ്രധാന വേദികളിലെ മുൻകരുതൽ നടപടികളിൽ ഐസിസി സംഘം സംതൃപ്തിയറിച്ചു.
ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മൊഹ്സിൻ നഖ്വി ഐസിസി പ്രതിനിധികൾക്ക് ഉറപ്പ് നൽകി. കളിക്കാർക്ക് സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ടൂർണമെൻ്റ് ആസ്വദിക്കാൻ കഴിയും.
പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും അന്താരാഷ്ട്ര തലത്തിലുള്ള ഫൂൾ പ്രൂഫ് സുരക്ഷ നൽകാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്നും പിസിബി ചെയർമാൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സ്റ്റേഡിയങ്ങളിൽ സൗകര്യം വർദ്ധിപ്പിക്കും. ക്രിക്കറ്റിനെ പാകിസ്താൻ ഏറെ സ്നേഹിക്കുന്നു. ഞങ്ങളുടെ ആതിഥ്യ മര്യാദ ലോകത്തെ കാട്ടിക്കൊടുക്കാൻ കാത്തിരിക്കുന്നുവെന്നും നഖ്വി പറഞ്ഞു.















