പൊക്കക്കുറവുള്ള മനുഷ്യർക്ക് പ്രചോദനമായി മലയാള സിനിമയിൽ തന്‌റേതായ ഇടംനേടിയെടുത്ത നടനാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് താരത്തെ തേടിയെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു ഭാഷകളിലും ഗിന്നസ് പക്രു മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗിന്നസ് റെക്കോർഡ് ലഭിച്ചതിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“മമ്മൂക്കയുടെ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് എനിക്ക് കിട്ടുന്നത്. ആ ലൊക്കേഷനിലേക്കാണ് സർട്ടിഫിക്കറ്റ് വരുന്നത്. കൊറിയർ ആദ്യമായി
തുറന്ന് നോക്കിയത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വാങ്ങണമെന്നത് എന്റെ ആഗ്രഹമായിരുന്നു”.
‘അത് തുറന്നശേഷം ഇക്ക എന്നെ നോക്കി പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഇത് ചെറിയ കാര്യമൊന്നുമല്ല, വലിയ കാര്യമാണ്. ഇങ്ങനെ തുറന്ന് നോക്കേണ്ടതല്ലയിത്. വലിയ ഫംഗ്ഷനൊക്കെ വച്ച് വളരെ ഗംഭീരമായി ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചെറിയൊരു ഫംഗ്ഷനൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീട് എല്ലാവരുടെ സാന്നിധ്യത്തിൽ വച്ച് മമ്മൂക്ക അത് എനിക്ക് കൈമാറി. മമ്മൂക്കയുടെ കൈയ്യിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്”- ഗിന്നസ് പക്രു പറഞ്ഞു.















