എന്നും ഒരു തവണയെങ്കിലും ചായ കുടിക്കാത്തവരായി ആരാണുള്ളതല്ലേ. എന്നാൽ എല്ലായ്പ്പോഴും കുടിക്കുന്ന ചായയ്‌ക്ക് ഒരേ രുചിയായിരിക്കും. എന്നാൽ ‘രസതന്ത്രം’ അറിഞ്ഞ് ചായ ഉണ്ടാക്കണമെന്നാണ് കെമിസിസ്റ്റായ മിഷേൽ ഫ്രാങ്കിൽ പറയുന്നത്.
കെറ്റിലിൽ ചായ ഉണ്ടാക്കുന്ന കാര്യമാണ് ഇവർ പറയുന്നത്. ചായ ഉണ്ടാക്കുന്ന പാത്രം നേരത്തെ ചൂടാക്കേണ്ടത് പ്രധാനമാണെന്ന് മിഷേൽ ഓർമപ്പെടുത്തുന്നു. ഇല തേയില ഉപയോഗിച്ച് ചായ ഇടുന്നതാകും നല്ലത്. ഇതിൽ അടങ്ങിയിരുന്ന ആൻ്റി-ഓക്സിഡൻ്റുകൾ ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. കെറ്റിലിൽ വെള്ളം തിളപ്പിച്ച് ചൂടായ പാത്രത്തിലേക്ക് ഈ വെള്ളം മാറ്റുക. തുടർന്ന് ഇലകളിട്ട് മെല്ലെ സ്പൂൺ കൊണ്ടിളക്കണം. വട്ടത്തിൽ കറക്കാതെ കുറുകെ വേണം സ്പൂൺ കറക്കാൻ എന്ന കാര്യം മറക്കരുത്. നാല് മിനിറ്റ് ഇങ്ങനെ ചെയ്യണമെന്നും അവർ പറയുന്നു. അൽപം കയ്പ്പേറിയ ചായയാകും നിങ്ങൾക്ക് ലഭിക്കുക. ഇങ്ങനെ കുടിക്കാൻ താത്പര്യമില്ലാത്തവർ ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക.
പാൽ ഒഴിച്ചുള്ള ചായ ആണ് ഉണ്ടാക്കുന്നതെങ്കിൽ പാൽ ചൂടാക്കിയ ശേഷമേ ചായയിലേക്ക് ചേർക്കാവൂ എന്നും മിഷേൽ നിർദേശിക്കുന്നു. ചൂടുവെള്ളത്തിലേക്ക് പാൽ ഒഴിക്കുന്നത് പ്രോട്ടീനുകൾ നഷ്ടപ്പെടാൻ കാരണമാകും. ചെറുതായിട്ട് ചൂടാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ടീബാഗാണ് ഉപയോഗിക്കുന്നതെങ്കിൽ തേയില ഇലയുടെ കറ ഇളകുന്നത് വരെ പാൽ ചേർക്കരുത്. തണുത്ത പാൽ ചേർക്കുന്നത് വെള്ളത്തിന്റെ ചൂട് കുറയ്‌ക്കും. അപ്പോൽ പുറത്തേക്ക് വരുന്ന കഫീന്റെ ഇളവും കുറയാൻ കാരണമാകും. ടീബാഗുകൾ ആവർത്തിച്ച് ഉപയോഗിക്കരുത്. ഇങ്ങനെ ഉപയോഗിച്ചാൽ കളർ വെള്ളം മാത്രമേ ലഭിക്കൂ, അല്ലാതെ ഗുണങ്ങളൊന്നും തന്നെ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കയ്പ്പ് മാറാനായി അൽപം ഉപ്പ് ചേർക്കുന്നതും നല്ലതാണ്.















