കാപ്പി വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ എങ്ങനെയിരിക്കും? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്ന സംഭവം നടന്നത് ചൈനയിലാണ്. സംഗതി വിവാദമായതോടെ സോഷ്യൽ മീഡിയയും ഇത് ഏറ്റെടുത്തിരിക്കുകയാണ്.
ചൈനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയായ ‘ലൂ’വിനാണ് തന്റെ സൂപ്പർവൈസറായ ‘ലിയു’വിൽ നിന്നും ദുരനുഭവമുണ്ടായത്. സൂപ്പർവൈസറിന് ദിവസവും ‘അമേരിക്കാനോ കോഫി’യും മുട്ടയും പ്രഭാതഭക്ഷണമായി കഴിക്കുന്ന ശീലമുണ്ടെന്ന് ലൂ പറയുന്നു.
ദിവസവും ഇത് വാങ്ങികൊണ്ടുവരാൻ തന്നോട് ആവശ്യപ്പെടുമായിരുന്നുവെന്നും ഒരിക്കൽ ഈ ആവശ്യം നിഷേധിച്ചപ്പോൾ തന്നെ സ്ഥാപനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നുവെന്നും ലൂ പറഞ്ഞു. കോഫിയും മുട്ടയും വാങ്ങി നൽകുന്നത് തന്റെ ജോലിയുടെ ഭാഗമല്ലെന്ന് ലൂ പറഞ്ഞതാണ് ലിയുവിനെ പ്രകോപിപ്പിച്ചത്. ഇതോടെ ജോലിക്കാരിയെ പിരിച്ചുവിടുകയായിരുന്നു.
സംഭവം അധികൃതരെ അറിയിച്ചുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും തന്നെ ജോലിയിൽ തിരിച്ചെടുത്തില്ലെന്നും ലൂ വ്യക്തമാക്കി. ഇതോടെ അവർ സോഷ്യൽമീഡിയയിലൂടെ തന്റെ നിസ്സഹായാവസ്ഥ പങ്കുവക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട് നിരവധി പേർ ലൂവിന് പിന്തുണയുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ സ്ഥാപനത്തിലെ അധികൃതർ ഇടപെട്ട് ലൂവിനെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു.















