വിവാഹ ജീവിതത്തിലെ സങ്കൽപ്പങ്ങളെ കുറിച്ച് അഭിമുഖത്തിൽ പങ്കുവച്ച് വൈറലായ താരമാണ് സ്വാസിക. തന്റെ ഭർത്താവിന്റെ കാലിൽ എന്നും രാവിലെ തൊട്ടുതൊഴുമെന്നും ഭർത്താവ് കഴിച്ച പാത്രത്തിൽ മാത്രമേ കഴിക്കുകയുള്ളൂ എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള സ്വാസികയുടെ ശീലങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് ഭർത്താവും സീരിയൽ താരവുമായ പ്രേം.
“എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ സ്വാസിക കാലിൽ തൊട്ടുതൊഴാറുണ്ട്. എവിടെ നിന്നാലും ഓടിവന്ന് കാലിൽ തൊടും. അതുപോലെ ഞാനും പുറകേ പോയി തൊട്ടുതൊഴും. പുതിയ സിനിമയുടെ ഷൂട്ടിംഗിനോ, സീരിയലിലോ പോകുമ്പോൾ നിർബന്ധമായും തൊട്ടുതൊഴുതിട്ടേ പോകാറുള്ളൂ. പണ്ടത്തെ ഭാര്യമാരെ പോലെ പെരുമാറുമെങ്കിലും ചില കാര്യങ്ങളിൽ നേരെ തിരിച്ചാണ്. എന്റെയൊരു ഷർട്ട് തേച്ചുതരാൻ പറഞ്ഞാലോ, ഒരു ചെടിച്ചട്ടി നീക്കിവയ്‌ക്കാൻ പറഞ്ഞാലോ കേൾക്കില്ല. അവൾക്കിഷ്ടമുള്ള ചില ശീലങ്ങളുണ്ട്, അത് തുടരാണ് അവൾക്കിഷ്ടം”.
“പണ്ടത്തെ സിനിമയിൽ കാണുന്നത് പോലെയുള്ള ഭാര്യയാണ് സ്വാസിക. രാവിലെ ചായ എടുത്തുകൊണ്ട് വരുന്നതും കഴിക്കാൻ പ്ലേറ്റ് എടുത്ത് തരുന്നതൊക്കെ സിനിമയിലെ അതുപോലെ തന്നെയാണ്. ഞാൻ കഴിച്ച പ്ലേറ്റിലാണ് എപ്പോഴും ഭക്ഷണം കഴിക്കുന്നത്. പൊതുവെ, കല്യാണത്തിന് മുമ്പായാലും എല്ലാ ദിവസവും അടുക്കളയിൽ പോയാണ് ഞാൻ ചായ കുടിക്കുന്നത്. പക്ഷേ, കല്യാണത്തിന് ശേഷം എന്നെ അടുക്കളയിൽ കയറാൻ സ്വാസിക സമ്മതിക്കില്ല. എന്റെ വീട്ടിൽ ഞാൻ തന്നെയാണ് കഴിച്ച പ്ലേറ്റ് കഴുകുന്നത്. ഇപ്പോൾ പ്ലേറ്റ് കഴുകിയാൽ പിന്നെ സ്വാസികയ്‌ക്ക് എന്നോട് ദേഷ്യമായിരിക്കും”.
എപ്പോഴും ഭയങ്കരമായിട്ട് സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് സ്വാസിക. എല്ലാ കാര്യത്തിനും കൂടെ നടന്ന് അത് ചെയ്തോ, ഇത് ചെയ്തോ എന്നൊക്കെ ചോദിക്കാറുണ്ട്. എപ്പോഴും ഒരുപാട് ആക്ടീവായി കാര്യങ്ങൾ ചെയ്യും. എല്ലാത്തിനും സപ്പോർട്ടായി നിൽക്കുന്ന ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്നും പ്രേം പറഞ്ഞു.















