മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. സൗത്ത് മുംബൈയിലാണ് സംഭവം. ട്യൂഷൻ സെന്ററിലെ അദ്ധ്യാപകരായ ഗൗതം, തരുൺ രാജ്പുരോഹിത് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സത്യരാജ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ അമ്മ പരാതി നൽകാൻ ആദ്യം വിസമ്മതിച്ചിരുന്നു. പിന്നീട് കൗൺസിലിംഗിലൂടെയാണ് സംഭവത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തിയത്. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം മുതലെടുത്താണ് പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.