റായ്പൂർ: സകലതിനും നമ്മൾ വ്യാജൻമാരെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ബാങ്കിന്റെ ബ്രാഞ്ച് തന്നെ വ്യാജമായി ഉണ്ടാക്കിയാലോ?. ഛത്തീസ്ഗഢിലെ സക്തി ജില്ലയിലാണ് സംഭവം. എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് ഇട്ട് പണം തട്ടാനായിരുന്നു ശ്രമം.
വാടകയ്‌ക്കെടുത്ത കടമുറിയിലാണ് എസ്ബിഐയുടെ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ച് തട്ടിപ്പിന് നീക്കം നടത്തിയത്. മാൽക്കറൗഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഛപ്പോറ ഗ്രാമത്തിലായിരുന്നു സംഭവം. എന്നാൽ സംശയം തോന്നിയ ചിലർ പരാതിയുമായി രംഗത്തെത്തിയതോടെ വിവരം എസ്ബിഐ അധികൃതരും അറിഞ്ഞു.
കോർബയിലെ എസ്ബിഐ റീജിണൽ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ബ്രാഞ്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വെളളിയാഴ്ച പൊലീസ് പരിശോധനയ്‌ക്കായി എത്തുമ്പോൾ അഞ്ച് ജീവനക്കാരുൾപ്പെടെ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കംപ്യൂട്ടറുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. അഭിമുഖത്തിലൂടെയാണ് തങ്ങൾക്ക് ജോലി ലഭിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ബ്രാഞ്ച് മാനേജരെന്ന് പരിചയപ്പെടുത്തിയ ഒരാളുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഭാരതീയ ന്യായസൻഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ എത്ര പേരെ കബളിപ്പിച്ചുവെന്നും നിക്ഷേപങ്ങൾ സ്വീകരിച്ചോയെന്നും ഉൾപ്പെടെയുളള വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.















