ചില നിർണായക ഘട്ടങ്ങളിൽ മാദ്ധ്യമങ്ങളുടെ ചോദ്യശരങ്ങളുയരുമ്പോൾ സ്തബ്ധരായി പോകുന്ന ചില നേതാക്കളുണ്ട്. കൃത്യമായി ഉത്തരം പറയാതെ ഉരുണ്ട് കളിച്ച് ചോദ്യത്തിൽ നിന്ന് വഴുതി മാറുന്നവരും കുറവല്ല. ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുന്നവർക്ക് ചില ടിപ്സ് ഇതാ..
പ്രസ് കോൺഫറൻസിന് മുന്നോടിയായി പറയാനുള്ളതിന്റെ കുറിപ്പ് തയ്യാറാക്കുക. ഏതെങ്കിലുമൊരു വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണെങ്കിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള സന്ദേശം എഴുതി തയ്യാറാക്കി കൃത്യമായി അവതരിപ്പിക്കുക. അതിന് ശേഷം മാത്രം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
അവതരിപ്പിക്കേണ്ട വിഷയത്തെക്കുറിച്ച് പരമാവധി വിവരശേഖരണം നടത്തുക. എല്ലാ വീക്ഷണങ്ങളിൽ നിന്നും പ്രശ്നത്തെ നോക്കിക്കണ്ട് ഉത്തരങ്ങൾ തയ്യാറാക്കുക.
മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ മോശം പദപ്രയോഗങ്ങൾ ഒഴിവാക്കുക. പ്രകോപനപരമായ ചോദ്യങ്ങൾ കേട്ടാലും ശാന്തമായി പ്രതികരിക്കുക.
പ്രസ് മീറ്റിന് മുന്നോടിയായി ഉത്തരങ്ങൾ പ്രാക്ടീസ് ചെയ്യുക. നല്ലപോലെ പരിശീലിച്ചാൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ ഉത്തരം പറയാൻ സാധിക്കും.
സത്യസന്ധവും സുതാര്യവുമായ രീതിയിൽ ഉത്തരം പറയുക. പ്രയാസമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ നുണ കലർത്താതിരിക്കുക. ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അത് തുറന്നുപറയുക. പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കാത്ത ചോദ്യങ്ങൾ ഉയർന്നാൽ ഒരു നിമിഷം ആലോചിച്ചതിന് ശേഷം പ്രതികരിക്കുക. നിങ്ങളുടെ ചിന്തകൾ ഏകോപിപ്പിച്ചതിന് ശേഷം പ്രതികരിക്കാം.