തൃശൂർ: ആന്ധ്രാ സ്വദേശിനി വീടിനുള്ളിൽ മരിച്ച നിലയിൽ. കൊരട്ടി തിരുമുടിക്കുന്നിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ മുന്ന (54) യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിരുമുടിക്കുന്ന് തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പോളി തന്നെയാണ് കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തി മരണ വിവരം അറിയിച്ചത്. ആത്മഹത്യ ആണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി. പരിശോധനയിൽ മുന്നയുടെ തലക്ക് പരിക്കുകളുണ്ടെന്ന് കണ്ടെത്തി. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതാണ് കൊലപാതക സാധ്യത പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.