ന്യൂഡൽഹി: ആദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 70,000 കോടി ഡോളർ കടന്നു. ഇത് ഏകദേശം 59.24 ലക്ഷം കോടി രൂപയോളം വരും. സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽശേഖരം 70,488.5 കോടി ഡോളർ പിന്നിട്ടു. ഇതോടെ വിദേശനാണ്യ കരുതൽശേഖരം 70,000 കോടി ഡോളർ പിന്നിടുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 2013 മുതൽ ഭാരതം കരുതൽശേഖരം ക്രമാതീതമായി ഉയർത്തി കൊണ്ടുവന്നിരുന്നു. സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിൽ 1258.8 കോടി ഡോളറിന്റെ വർദ്ധനയാണ് ശേഖരത്തിലുണ്ടായിരുന്നത്.
ഡോളർ, പൗണ്ട്, യൂറോ, ജാപ്പനീസ് യെൻ തുടങ്ങിയ പ്രധാന വിദേശ കറൻസികളും സ്വർണവും അടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകാനാണ് രാജ്യം ഇത്തരത്തിലൊരു കരുതൽശേഖരം സൂക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താനായി ആർബിഐ പലപ്പോഴും ശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിക്കാറുണ്ട്.















