കേരളത്തിന്റെ ആയുർവേദ ചികിത്സ രീതികൾ എക്കാലവും ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ കോണിൽ നിന്ന് നിരവധി പേരാണ് കേരളത്തിൽ ചികിത്സയ്‌ക്കായി എത്തുന്നത്. കേരളത്തിന്റെ തനത് ചികിത്സരീതികൾ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും കൈകോർക്കുന്നു. ‘ആയുർവേദ കോളിംഗ്’ എന്ന ടാഗ് ലൈനിൽ മാർക്കറ്റിംഗ്, വിപണന മേഖലകൾ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായുള്ള ആദ്യ യോഗം ചെന്നൈ റോയപ്പെട്ട ഇ-ഹോട്ടലിൽ എട്ടിന് നടക്കും. ഉച്ചയ്‌ക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും. സംസ്ഥാനത്തെ ആയുർവേദ മേഖലയിലെ 40 പ്രമുഖ ഗ്രൂപ്പുകളാണ് കേരള ആയുർവേദത്തെ അവതരിപ്പിക്കുക.
ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി എല്ലാ മെട്രോ നഗരങ്ങളിലും ബി2ബി മീറ്റുകൾ നടത്തും. ആയുർവേദ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന വിവരം ഏജൻ്റുമാരെയും പൊതുജനങ്ങളെയും അറിയിക്കുകയും അതുവഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ ആയുർവേദ ചികിത്സയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.















