നമ്മളെക്കാൾ കരുത്തരായ, വലിപ്പമുള്ള, ആക്രമിക്കാൻ സാധ്യതയുള്ള എന്തിനെയും നാം ഭയപ്പെടാറുണ്ട്. അത് മനുഷ്യരായാലും മൃഗങ്ങൾ ആയാലും അങ്ങനെതന്നെ. ആരെയും ഭയക്കാതെ നടക്കാൻ കഴിയുമോ! അങ്ങനെയുള്ള മൃഗങ്ങൾ ഉണ്ടോ? എങ്കിൽ ഉണ്ട്. തന്നേക്കാൾ വലിയ മൃഗങ്ങളെ പോലും ആക്രമിക്കാൻ മടിക്കാത്ത, ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗം. അതാണ് ഹണി ബാഡ്ജർ അഥവാ തറക്കരടി. സിംഹങ്ങളെയും മുതലകളെയും പോലും ഇവ അക്രമിക്കും.
കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ് തറക്കരടി. തറക്കരടിയുടെ തലയ്‌ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്. വാൽ 15 സെന്റിമീറ്ററും. 8-10 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ആൺ മൃഗങ്ങൾക്ക് 80 സെന്റിമീറ്ററോളം നീളവും 13 കിലോഗ്രാം വരെ തൂക്കവും വരുന്നു. ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ ഇളം മഞ്ഞ നിറത്തിലോ ആയിരിക്കും. കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. പരന്ന കാല്പത്തിയിൽ നീളംകൂടിയ മൂർച്ചയുള്ള നഖങ്ങളുണ്ട്. തറക്കരടിയുടെ മുഖവും കണ്ണും ചെവിയും വലിപ്പം കുറഞ്ഞതാണ്. കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷനേടാൻ കഴിയുന്നു.
മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലുമാണ് തറക്കരടികൾ സാധാരണ ജീവിക്കുന്നത്. രാത്രി സഞ്ചാരികളായ ഇവ ഇരതേടി ഒരു ദിവസം 34 കിലോമീറ്ററോളം സഞ്ചരിക്കും. ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവയാണ് തറക്കരടിയുടെ ഭക്ഷണം. മൂർച്ചയുള്ള 32 പല്ലുകളുണ്ട് ഇവയ്‌ക്ക്. ദൃഢതയുള്ള പല്ലുകൾ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിക്കും. തേൻകൂടുകൾ പൊട്ടിക്കാൻ തറക്കരടികൾ മരത്തിൽ കയറുന്നു. ഇക്കാരണത്താൽ ഇവ ഹണി ബാഡ്ജർ എന്ന പേരിലും അറിയപ്പെടുന്നു.
ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താൻ പ്രത്യേക സാമാർത്ഥ്യമുള്ളതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്നും തറക്കരടിക്ക് പേരുണ്ട്. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളിൽ നിന്ന് രൂക്ഷമായ ദുർഗന്ധത്തോടു കൂടിയ മഞ്ഞനിറത്തിലുള്ള സ്രവം ഇവ പുറപ്പെടുവിക്കുന്നു. ഈ ദുർഗന്ധ ദ്രാവകമാണ് ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നത്. സ്വയം രക്ഷയ്‌ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.