ശരദ് നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിവസം വളരെ ശുഭകരമായ ലളിതാ പഞ്ചമി തിഥിയാണ്. കാമദേവന്റെ ചാരത്തിൽ നിന്ന് ജനിച്ച അസുരനായ “ഭണ്ഡാസുരനെ” പരാജയപ്പെടുത്താൻ ലളിതാ ദേവി അഗ്നിയിൽ നിന്ന് ഈ ശുഭദിനത്തിൽ ഉയർന്നുവന്നുവെന്നാണ് ഐതിഹ്യം. ഈ ദിവസത്തെ ഭാരതമെമ്പാടും ഭക്തർ ലളിതാ പഞ്ചമി വ്രതം എന്നും ഉപാങ് ലളിത വ്രതം എന്നും വിളിക്കുന്നു. ഈ വ്രതം ആചരിക്കുന്നത് സമ്പത്തും സന്തോഷവും ജ്ഞാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ലളിതാ ദേവിയെ സ്തുതിക്കുന്ന കീർത്തനങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. ഈ വ്രതത്തിലൂടെ വ്യക്തിപരവും ബിസിനസ് സംബന്ധമായതുമായ എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കപ്പെടുമെന്നാണ് പൊതുവെയുള്ള വിശ്വാസം.
അശ്വിന മാസത്തിലെ ശുക്ള പക്ഷ പഞ്ചമിയാണ് ലളിത പഞ്ചമിയായി ആചരിക്കുന്നത്. ഈ വർഷം ലളിതാ പഞ്ചമി 2024 ഒക്ടോബർ 7 ന് ആചരിക്കും.
ഹൈന്ദവ വിശ്വാസമനുസരിച്ച് 10 മഹാവിദ്യകളിൽ ഒരാളായ ലളിതാ ദേവിയെ ‘ഷോഡശി’ എന്നും ‘ത്രിപുര സുന്ദരി’ എന്നും അറിയപ്പെടുന്നു. സതി അഥവാ പാർവതിയുടെ മറ്റൊരു രൂപമാണ് ലളിതാ ദേവി.
നവരാത്രി കാലത്ത് ദുർഗ്ഗാദേവിയുടെ 9 ഭാവങ്ങളെ ഓരോ ദിവസവും ആരാധിക്കുന്നുണ്ട്. അതിൽ നവരാത്രിയുടെ അഞ്ചാം ദിവസം സ്കന്ദമാതാ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. അതിനൊപ്പം തന്നെയാണ് ലളിതാ പഞ്ചമി വ്രതം എടുക്കുക. ഉപാങ് ലളിതാ വ്രതത്തിന്റെ ഭാഗമായി ഭക്തർ ഈ ദിവസം ഉപവസിക്കുന്നു.ആചരണത്തിന് സാധാരണ മറ്റുള്ള വ്രതങ്ങളുടെ അതെ രീതികൾ തന്നെയാണ് പിന്തുടരുക.
പൂജാ ചടങ്ങുകളിൽ ചണ്ഡി ദേവിയുടെ അതേ രീതിയിലാണ് ലളിതാ ദേവിയെ ആരാധിക്കുന്നത്. ‘ലളിതാ സഹസ്രനാമം ‘, ‘ലളിതോപാഖ്യാനം’, ‘ലളിതാത്രിശതി’ തുടങ്ങിയ സ്തോത്രങ്ങൾ ജപിക്കണം.
പഞ്ചമി നാളിൽ ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തന്റെ എല്ലാ വിഷമങ്ങളും നീങ്ങുകയും അമ്മയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.