ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദ്ദേശം നൽകുന്നുണ്ട്.
ആയുധങ്ങൾ നിർമിക്കുന്ന ഡിപ്പോകൾ, ടണൽ ഷാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ പോയിൻ്റുകൾ, സെല്ലുകൾ, തുരങ്കങ്ങൾ തുടങ്ങി ഭീകരസംഘടനയുടെ മറ്റ് സംവിധാനങ്ങളും ഇസ്രായേൽ നിലം പരിശാക്കി. വൻ ആയുധശേഖരവും ഐഡിഎഫ് കണ്ടെടുത്തു.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 30-ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ കഴിഞ്ഞ രാത്രി മാത്രം നടത്തിയത്. വൻ പൊട്ടിത്തെറികളും നടന്നതായി റിപ്പോർട്ടിൽ പറയുന്നു. തെക്കേ ലെബനനിൽ ഇസ്രായേൽ സൈന്യം അധിനിവേശം നടത്തി 440-ഓളം ഹിസ്ബുള്ള ഭീകരരെ വധിച്ചത് പിന്നലെയാണ് രാത്രിയിൽ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗാസയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോർട്ട്. പാലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.