പെട്ടെന്ന് സന്തോഷം വരുന്നു, വളരെ പെട്ടെന്ന് തന്നെ അതിന് ഇരട്ടിയായി ദുഃഖവും വരുന്നു. പലരും ഇക്കാലത്ത് നേരിടുന്ന പ്രശ്നമാണിത്. ഒരു പക്ഷേ സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവ കൊണ്ടാകും ഇത്തരത്തിൽ സംഭവിക്കുന്നത്. എന്നാൽ ഇതിനെ കണ്ണടച്ച് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഗുരുതരമായ മാനസികാരോഗ്യ തകരാർ വരെ ഇത് വിളിച്ചുവരുത്തും. അതിനാൽ തന്നെ തക്ക സമയത്ത് ഇവ കണ്ടെത്തി പരിഹരിക്കാൻ കഴിയണം.
ദ്രുതഗതിയിലുള്ള മാനസികാവസ്ഥകൾ, അല്ലെങ്കിൽ മൂഡ് സ്വിംഗ്സ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കും. ആത്മഹത്യ ചിന്തകൾ വരെ ജനിപ്പിക്കുന്നു. ബൈപോളാർ ഡിസോർഡർ ഉള്ളവരിൽ പെട്ടെന്ന് അകാരണമായി , അസാധാരണമായി സന്തോഷം അനുഭവപ്പെടുന്നു. മറ്റു ചിലരിൽ ഇത് അസാധാരണമായ ദേഷ്യമാകാം.വിഷാദവും ഇത് സൃഷ്ടിക്കുന്നു. ചിലപ്പോൾ ഇത് കുറച്ച് നേരത്തേക്കാണെങ്കിൽ ചിലപ്പോൾ ആഴ്ചകളോളം ഇത് നീണ്ടുനിന്നേക്കാം. മാനസികാവസ്ഥയിൽ മാറ്റം സംഭവിക്കുന്നുവെന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്. അവയിതാ..
- പതിവിലും പതുക്കെ സംസാരിക്കുക
- തനിക്കൊരു വിലയും ഇല്ലെന്ന് തോന്നുക
- ദുഃഖവും നിരാശയും മനപ്രയാസവും അനുഭവപ്പെടുക
- വിശപ്പും ദാഹവും പരവേശവും അനുഭവപ്പെടുക
- ഉറങ്ങാനും ഉണരാനും ബുദ്ധിമുട്ടോ മടിയോ തോന്നുക
- ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
- ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക
മേൽ പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മൂഡ് സ്വിംഗ്സ് ഉണ്ടെന്ന് പറയാവുന്നതാണ്. മാനിക് എപ്പിസോഡുകൾ അഥവാ അമിത സന്തോഷം അനുഭപ്പെടുകയാണെങ്കിൽ അവർ പതിവിലും കൂടുതൽ വേഗത്തിലാകും സംസാരിക്കുക. കൂടുതൽ ഊർജ്ജസ്വമായി കാണപ്പെടും, ശക്തരായി പ്രവർത്തിക്കും, അസാധരണമായ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യും. പെട്ടെന്ന് ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കണം.
സമ്മർദ്ദമാണ് പ്രധാനമായും മാനസികാവസ്ഥകൾ മാറി മറിയാൻ കാരണം. ആർത്തവവിരാമം, പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്), പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ മാനസികാവസ്ഥ മാറാൻ കാരണമാകാം. പ്രസവാനന്തരം ഉണ്ടാകുന്ന ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ഇതിന് കാരണമാകുന്നു.
ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനം പുരുഷന്മാരിൽ മാനസികാവസ്ഥ മാറാൻ കാരണമാകുന്നു. ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.















