തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഹരിയാനയിലെ ജനവിധിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹരിയാനയിൽ ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ബിജെപി പ്രവർത്തകരോടൊപ്പം വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന സദ്ഭരണത്തിനുള്ള മറ്റൊരു പൊൻതൂവൽ കൂടിയാണ് ഹരിയാനയിലെ ജനവിധി. ഹരിയാനയിൽ ചരിത്ര വിജയം സമ്മാനിച്ച, ജമ്മുകശ്മീരിൽ പാർട്ടിയെ ഏറെ മുന്നിലേക്ക് എത്തിച്ച ജനതയ്‌ക്ക് നന്ദി. ബിജെപിയുടെ വിജയത്തിനായും മുന്നേറ്റത്തിനായും അഹോരാത്രം പ്രവർത്തിച്ച നേതാക്കന്മാർക്കും അണികൾക്കും ഹൃദയാഭിവാദ്യം.
ഇൻഡി സഖ്യത്തിന്റെ നയങ്ങളോട്, നിലപാടിനോട് ഒട്ടും തന്നെ താൽപര്യമില്ലെന്ന് ജനം വീണ്ടും അടിവരയിടുന്നു”- വി മുരളീധരൻ കുറിച്ചു.
48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. 36 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ജമ്മുകശ്മീരിൽ 29 സീറ്റുകളിൽ വിജയിക്കാൻ ബിജെപിയ്‌ക്ക് സാധിച്ചു. എന്നാൽ, 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കശ്മീർ താഴ്വരയിലെ അഞ്ച് സീറ്റുകളും ജമ്മുവിൽ ഒരു സീറ്റും മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.