ടെൽഅവീവ്: ലെബനന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയ്‌ക്ക് രാജ്യത്തിനകത്ത് പ്രവർത്തനം തുടരാൻ അനുവാദം കൊടുത്താൽ ഗാസയുടേതിന് സമാനമായ അനുഭവമായിരിക്കും ലെബനന് നേരിടേണ്ടി വരികയെന്നാണ് നെതന്യാഹു അറിയിച്ചത്. ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ സന്ദേശം പുറത്ത് വന്നത്. ലെബനൻ ജനതയെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശമാണിത്.
പ്രദേശത്ത് ഇസ്രായേൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോകാൻ സാധാരണക്കാർക്ക് നിർദേശം നൽകിയതിന് ശേഷം മാത്രമാണ് ഓരോ ഇടങ്ങളിലും സൈന്യം ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള ഭീകരരുടെ പിടിയിൽ നിന്ന് സ്വന്തം രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും നെതന്യാഹു അഭ്യർത്ഥിക്കുന്നു.
” ഗാസയിൽ നിങ്ങൾ കാണുന്നത് പോലെ, വലിയ കഷ്ടപ്പാടുകളിലേക്ക് ഒരു നീണ്ട യുദ്ധം ഉണ്ടാകുന്നത് ഒഴിവാക്കാനും, ലെബനനെ രക്ഷിക്കാനും നിങ്ങൾക്ക് അവസരമുണ്ട്. ഹിസ്ബുള്ള ഭീകരരെ ഒഴിവാക്കിയില്ലെങ്കിൽ ഗാസയുടേയതിന് സമാനമായ അവസ്ഥയാകും ലെബനനും നേരിടേണ്ടി വരുന്നത്. ലെബനനിലെ ഓരോ ജനങ്ങളോടും പറയുകയാണ്, ഹിസ്ബുള്ളയിൽ നിന്ന് നിങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കൂ, ഈ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം അതാണെന്നും” നെതന്യാഹു പറയുന്നു.
അതേസമയം ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിൽ റോക്കറ്റ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. ഇസ്രായേലിന്റെ നഗരപ്രദേശങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നും ഹിസ്ബുള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ലെബനനിലെ തെക്ക്-കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വയ്‌ക്കുന്നതെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.