ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡും (എഎഎച്ച്എൽ) ബഹുരാഷ്‌ട്ര കമ്പനിയായ തലേസും കൈകോർക്കുന്നു. വിമാനത്താവളങ്ങളുടെയും യാത്രക്കാരുടെയും ഉന്നമനത്തിനും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിട്ടാണ് സഹകരണം. സുരക്ഷ, ബയോമെട്രിക് അധിഷ്ഠിതമായ യാത്ര, പ്രവർത്തനക്ഷമത എന്നീ മൂന്ന് മേഖലയിലാകും സഹകരണം ശക്തമാക്കുക.
ഈ വർഷം ഇതുവരെ അദാനിയുടെ ഏഴ് വിമാനത്താവളങ്ങളിലാണ് നൂനതന ബയോമെട്രിക് സംവിധാനമായ ഫ്ലൈ-ടു-ഗേറ്റ് സാങ്കേതികവിദ്യ സജ്ജമാക്കിയിരിക്കുന്നത്. തിരിച്ചറിയൽ സംവിധാനങ്ങളുടെ ആവശ്യകത ലഘൂകരിച്ച്, യാത്രക്കാരുടെ സമയം ലാഭിക്കുന്ന കേന്ദ്രത്തിന്റെ ഡിജിയാത്ര സംവിധാനവുമായി കൂടിച്ചേർന്നാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇതിനൊപ്പം സ്മാർട്ട് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെൻ്ററും യാഥാർത്ഥ്യമാക്കുമെന്ന് തലേസ് അറിയിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ബഹുരാഷ്‌ട്ര കമ്പനിയുമായുള്ള സഹകരണം വഴിവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് അദാനി എയർപോർട്ട്സ്.
ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാകും എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെൻ്റർ (APOC). സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഡാറ്റ അനലിറ്റിക്സ്, ഏഎഐ എന്നിവ ഉപയോഗിച്ചാകും പ്രവർത്തിക്കുക. മുംബൈ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലക്നൗ, മംഗളൂരു, തിരുവനന്തപുരം എന്നിവയാണ് നിലവിൽ ഫ്ലൈ-ടു-ഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏഴ് വിമാനത്താവളങ്ങൾ. 2047-ഓടെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യയെ മാറ്റുകയെന്ന് ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്ന നീക്കമാണ് എഎഎച്ച്എല്ലിൽ നിന്നുണ്ടായിരിക്കുന്നത്.















