ഇടുക്കി: ദേവികുളം താലൂക്കിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും ഉത്തരവിട്ട് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. റവന്യു ഉദ്യോഗസ്ഥർ ഗുരുതര ചട്ടലംഘനമാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. ദേവികുളം തഹസിൽദാർ, ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ, ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ എന്നിവരെ സസ്പെൻഡ് ചെയ്യും. പട്ടയം റദ്ദാക്കാനും നടപടി ആരംഭിച്ചു. വ്യാജപട്ടയമെങ്കിൽ ക്രിമിനൽ കേസെടുക്കും.
സംസ്ഥാനത്തെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ മലയാണ് ചൊക്രമുടി. ഇവിടെ 25 ഏക്കറോളം സ്ഥലം കയ്യേറിയാണ് അനധികൃത നിർമാണത്തിന് തുടക്കമിട്ടത്. ഇത് തടയുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചെന്നാണ് കണ്ടെത്തൽ. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ വീട് വയ്‌ക്കാൻ അനുമതി നൽകിയതിലും ക്രമക്കേടുണ്ട്.
ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയിൽ അന്വേഷണം നടത്താൻ റവന്യു വകുപ്പ്സബ് ദേവികുളം കലക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. സംഘം ഈ മാസം രണ്ടാം തീയതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കലക്ടർ റവന്യു വകുപ്പിന് റിപ്പോർട്ട് നൽകി. പിന്നീട് ലാൻഡ് റവന്യു കമ്മീഷണർ അഞ്ചിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.