ഇന്ത്യൻ ആഹാരരീതികൾ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും ഭൂമിക്ക് ഏറ്റവും അനുയോജ്യവുമാണെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്. ഇന്ത്യയുടെ മില്ലറ്റ് മിഷന് പ്രത്യേകം പരാമർശവും ലഭിച്ചിട്ടുണ്ട്. വളരുന്ന സമ്പദ് വ്യവസ്ഥകളായ ജി 20 രാജ്യങ്ങളിൽ മികച്ച ഭക്ഷണരീതികൾ പിന്തുടരുന്നത് ഇന്ത്യയാണെന്നും ലോകം ഈ മാതൃക പിന്തുടർന്നാൽ 2050-ഓടെ ഭൂമിക്ക് ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുനിർത്തുന്നതിൽ നിർണായകമാകും.
ഇത്തരം രീതികൾ പിന്തുടർന്നാൽ 2050-ഓടെ ആഗോള താപന തോത് 1.5 ഡിഗ്രി സെൽഷ്യസായി കുറയ്‌ക്കകയെന്ന ലക്ഷ്യത്തെ 263 ശതമാനം വരെ പിന്തുണയ്‌ക്കാൻ ഈ ഭക്ഷണരീതികൾക്ക് കഴിയും. സുസ്ഥിരമായ ഭക്ഷണരീതികൾ പിന്തുടരണം. 2050-ഓടെ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ നിലവിലെ ഭക്ഷ്യ ഉപഭോഗ രീതികൾ ലോകത്തിലെ എല്ലാവരും സ്വീകരിച്ചാൽ ഇത് സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മില്ലറ്റിന്റെ ഉൽപാദനവും കൃഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ സംരംഭമായ മില്ലറ്റ് മിഷനെയും റിപ്പോർട്ട് പ്രശംസിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മനുഷ്യന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നവയാണിതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സുസ്ഥിരമായ ഭക്ഷണരീതികൾ പിന്തുടരുന്നത് വഴി ഉത്പാദനം കുറയ്‌ക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യക്ക് പുറമേ ഇന്തോനേഷ്യ, ചൈന, ജപ്പാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഭൂമിക്ക് ഇണങ്ങും വിധത്തിലുള്ള ഭക്ഷ്യരീതികളാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജൻ്റീന, ഓസ്‌ട്രേലിയ, യു.എസ്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ഭക്ഷ്യ ഉപഭോഗ രീതികളെ ഏറ്റവും മോശം വിഭാഗത്തിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ഭക്ഷണരീതികൾ ആഗോള താപന പരിധി കവിയാൻ ഇടയാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.















